Skip to main content

കോവിഡ്: ജില്ലയിൽ ആരോഗ്യ പ്രവർത്തനങ്ങൾക്ക് ജില്ലാ പഞ്ചായത്ത്‌ 1.75 കോടി വകയിരുത്തി

 

കോവിഡ് രണ്ടാംഘട്ടത്തിൽ  ജില്ലയിലെ ആരോഗ്യ പ്രവർത്തനങ്ങൾക്കായി 2021-22 സാമ്പത്തിക വർഷത്തിൽ 1,7500000 (1.75 കോടി) രൂപ വകയിരുത്തിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ബിനുമോൾ അറിയിച്ചു.
   ജില്ലാ മെഡിക്കൽ ഓഫീസറുടെ (ആരോഗ്യം) നേതൃത്വത്തിൽ വിവിധ  ഉപകരണങ്ങൾ വാങ്ങുന്നതിനായി 1,5000000 (1.5 കോടി) രൂപയും ആയുർവേദ ആശുപത്രികളിലേക്ക് 20 ലക്ഷം രൂപയും ജില്ലാ ആയുർവേദ  ആശുപത്രിയിലേക്ക് അഞ്ച് ലക്ഷം രൂപയുമാണ് വകയിരുത്തിയത്.

 കഞ്ചിക്കോട് കിൻഫ്രയിലെ കോവിഡ് സെൻ്റർ പ്രവർത്തനം ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിലാണ് ഇപ്പോൾ നടപ്പാക്കുന്നത്. കോവിഡ് രണ്ടാം ഘട്ടത്തിൻ്റെ ഭാഗമായി പ്രതിദിനം 460 ഓളം രോഗികൾ സെന്ററിൽ ചികിത്സ തേടിയെത്തുന്നുണ്ട്. 260 ഓളം ഓക്സിജൻ പോയിൻ്റുകൾ, പുതിയ ലാബ് സൗകര്യം എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. 

കിൻഫ്രയിൽ ഇതുവരെ 7800 ഓളം രോഗികൾക്ക് ചികിത്സ നൽകാൻ സാധിച്ചു. 1050 കിടക്കകളാണ് സജ്ജീകരിച്ചിട്ടുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കണ്ണി ചേർത്തുകൊണ്ട് വിപുലമായ പ്രവർത്തനങ്ങളാണ് കോവിഡിൻ്റെ ഭാഗമായി ജില്ലയിൽ നടപ്പാക്കുന്നുണ്ട്.  പഞ്ചായത്തുകളിൽ ആർ.ആർ.ടി, സന്നദ്ധ പ്രവർത്തകരുടെ സേവനങ്ങൾ സജീവമാണ്. ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി വിട്ടുകിട്ടിയ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ദുരന്ത നിവാരണ അതോറിറ്റിയുടെ ഭാഗമായി ജില്ലാ പഞ്ചായത്തിന് സാധിക്കുന്നുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അറിയിച്ചു.
 

date