കേന്ദ്ര ധനകാര്യ കമ്മീഷൻ വിഹിതം - പദ്ധതി അംഗീകാരം നേടി തദ്ദേശഭരണ സ്ഥാപനങ്ങൾ
പതിനഞ്ചാം ധനകാര്യ കമ്മീഷൻ ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് അനുവദിച്ച ഫണ്ടുപയോഗിച്ചു ഏറ്റെടുത്ത പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി. ആകെ 120.21 കോടി രൂപയുടെ 1839 പ്രോജക്ടുകള്‍ക്കാണ്, ജില്ലാ ആസൂത്രണ സമിതി അധ്യക്ഷന്‍ ഉല്ലാസ് തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അഡ്ഹോക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കിയത്.
അടിസ്ഥാന വിഹിതമായി 40% തുകയും പ്രത്യേക ഉദ്ദേശ്യ ഗ്രാന്റായി 60% തുകയുമാണ് ഓരോ പ്രാദേശിക സർക്കാരുകൾക്കും ലഭ്യമാകുക. അടിസ്ഥാന വിഹിതം ശമ്പളവും എസ്റ്റാബ്ലിഷ്‌മെന്റ് ചെലവുകളും ഒഴികെയുള്ള വികസന-ക്ഷേമ പ്രവൃത്തികൾക്കും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും വിനിയോഗിക്കാം. പ്രത്യേക ഉദ്ദേശ്യ ഗ്രാന്റ് തുകയുടെ പകുതി വീതം ശുചിത്വ -മാലിന്യ സംസ്കരണ പ്രവൃത്തികൾക്കും കുടിവെള്ള പ്രോജക്ടുകൾക്കുമായി വിനിയോഗിക്കണം എന്നും നിബന്ധനയുണ്ട്.
കേന്ദ്ര ധനകാര്യ കമ്മീഷൻ വിഹിതം ഉപയോഗിച്ച് ഏറ്റെടുക്കുന്ന പ്രോജക്ടുകൾ കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയത്തിന്റെ ഇ-ഗ്രാമസ്വരാജ് പോർട്ടലിൽ അതാത് പ്രാദേശിക സർക്കാരുകൾ അപ്‌ലോഡ് ചെയ്യുകയും വേണം. ജില്ലയിലെ 82 ഗ്രാമ പഞ്ചായത്തുകളും 14 ബ്ലോക്ക് പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തും ഉൾപ്പടെ 97 തദ്ദേശഭരണ സ്ഥാപനങ്ങൾ ഇ-ഗ്രാമസ്വരാജ് പോർട്ടലിൽ വിവരങ്ങൾ രേഖപ്പെടുത്തുന്നത് പൂർത്തിയാക്കി.
ജില്ലാ ആസൂത്രണ സമിതി അധ്യക്ഷന്‍ ഉല്ലാസ് തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മെമ്പര്‍ സെക്രട്ടറിയും ജില്ലാ കളക്ടറുമായ എസ്.സുഹാസ്, അംഗവും ജില്ലാ പ്ലാനിംഗ് ഓഫീസർ ഇൻ ചാർജുമായ എം. പി. അനിൽകുമാർ, പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടർ, എ ഡി സി ജനറൽ, റീജിയണൽ ജോയിന്റ് ഡയറക്ടർ നഗരകാര്യം എന്നിവരും പങ്കെടുത്തു. മെയ് 31നാണ് ആസൂത്രണ സമിതി യോഗം നടന്നത്.
- Log in to post comments