Skip to main content

ട്രോളിങ് നിരോധനം ബുധനാഴ്ച അർധരാത്രി മുതൽ

കേരളത്തിന്റെ തീരങ്ങളിൽ ട്രോളിങ് നിരോധനം ബുധനാഴ്ച അർധരാത്രി 12 മണി മുതൽ ആരംഭിക്കും. 52 ദിവസക്കാലത്തേക്കുള്ള നിരോധനം ജൂലൈ 31ന് അവസാനിക്കും. ഈ കാലയളവിൽ യന്ത്രവത്കൃതബോട്ടുകൾ ഒന്നും കടലിൽ പോകുവാനോ മത്സ്യബന്ധനം നടത്താനോ പാടില്ല.
ട്രോളിങ് സമയത്ത് ഇതര സംസ്ഥാനത്ത് നിന്നുമുള്ള ബോട്ടുകളെ കേരള തീരത്ത് മത്സ്യബന്ധനം നടത്താൻ അനുവദിക്കില്ല. പരിശോധന കർശനമാക്കും. നിരോധനം ലംഘിക്കുന്ന യാനങ്ങൾക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കും. മത്സ്യബന്ധം നടത്തിക്കൊണ്ടിരിക്കുന്ന ഇതര സംസ്ഥാന ബോട്ടുകൾ ട്രോളിങ് നിരോധനത്തിന് മുമ്പായി കേരളതീരം വിട്ടുപോകണം.
രണ്ട് വള്ളങ്ങൾ ഉപയോഗിച്ചുളള പെയർ ട്രോളിംഗ് അഥവാ ഡബിൾ നെറ്റ്, കൃത്രിമവെളിച്ചം ഉപയോഗിച്ചുള്ള മത്സ്യബന്ധനം, ജുവനൈൽ ഫിഷിംഗ് എന്നിവയും കർശനമായി നിരോധിച്ചു.
പരമ്പരാഗത വള്ളങ്ങളിൽ മത്സ്യബന്ധനം നടത്തുമ്പോൾ സാമൂഹിക അകലം നിർബന്ധമാണ്. ഇൻബോർഡ് വള്ളങ്ങളിൽ 30 പേരും കാരിയർ വള്ളങ്ങളിൽ അഞ്ച് പേരും മാത്രമേ മത്സ്യബന്ധനം നടത്തുവാൻ പാടുളളൂ. ട്രോളിംഗ് നിരോധനം തുടങ്ങുന്ന ദിവസം അർധരാത്രി 12ന് മുമ്പായി എല്ലാ യന്ത്രവത്കൃതയാനങ്ങളും ഹാർബറുകളിൽ പ്രവേശിക്കണം. നിരോധനം അവസാനിക്കുന്ന ജൂലൈ 31 അർധരാത്രി 12 മണിക്ക് ശേഷം മാത്രമേ മത്സ്യബന്ധനത്തിന് പുറപ്പെടുവാൻ പാടുളളൂ. മൺസൂൺ കാലയളവിൽ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്ന എല്ലാ യാനങ്ങളിലും മതിയായ സുരക്ഷാ ഉപകരണങ്ങൾ, മത്സ്യത്തൊഴിലാളികളുടെ കൈവശം ബയോമെട്രിക് കാർഡ് എന്നിവ കരുതണം. മുന്നറിയിപ്പുകൾ അനുസരിച്ച് മാത്രമേ മത്സ്യബന്ധനത്തിന് പുറപ്പെടാവു. കടലിൽ സംഭവിക്കുന്ന എല്ലാവിധ അപകടങ്ങളും യഥാസമയം കാഞ്ഞങ്ങാട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പ്രവർത്തിക്കുന്ന കൺട്രോൾറൂമിൽ വിളിച്ചറിയിക്കണം. ലേലം ഒഴിവാക്കി മാത്രമേ മത്സ്യവിൽപന നടത്താൻ അനുമതിയുള്ളൂ.

date