Skip to main content

സ്‌കൂൾ പാഠപുസ്തകവിതരണം ജൂൺ പത്തിനകം പൂർത്തീകരിക്കും

കുടുംബശ്രീയുടെ നേതൃത്വത്തിൽ സ്‌കൂൾ പാഠപുസ്തക വിതരണം ജൂൺ പത്തിനകം പൂർത്തീകരിക്കും. ജില്ലയിൽ വിതരണത്തിനെത്തിയ 11,96,783 പുസ്തകത്തിൽ ഇനി ഒരു ലക്ഷത്തിൽ താഴെ മാത്രം പുസ്തകങ്ങളാണ് വിതരണത്തിന് ബാക്കിയുള്ളത്. കേരള ബുക്ക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിൽ (കെ.ബി.പി.എസ്)നിന്ന് ജൂൺ മൂന്നോടെ അവസാന ലോഡും എത്തി. ജൂൺ 10നുള്ളിൽ ഒന്നു മുതൽ പത്തു വരെയുള്ള പുസ്തകങ്ങൾ കൊടുത്തു കൊണ്ട് കുടുബശ്രീ പ്രവർത്തകരുടെ ഈ പ്രവർത്തനം പൂർത്തീകരിക്കുമെന്ന് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ടി ടി സുരേന്ദ്രൻ അറിയിച്ചു.  
2020-21ലാണ് പാഠപുസ്തക വിതരണ ചുമതല ഭാഗികമായി കുടുംബശ്രീ ജില്ലാ മിഷനെ സർക്കാർ ഏൽപ്പിച്ചത്. 2021-22ലെ പാഠപുസ്തക വിതരണ  ചുമതല പൂർണമായും കുടുംബശ്രീയെ ഏൽപ്പിച്ചു. പാഠപുസ്തകങ്ങൾ തരംതിരിക്കലും കയറ്റലും ഇറക്കലും ഗതാഗതവും എല്ലാം, സൂപ്പർവൈസറും 16 തൊഴിലാളികളും അടങ്ങുന്ന കുടുംബശ്രീ ടീമിന്റെ ഉത്തരവാദിത്തമായിരുന്നു.
മാർച്ച് ഒമ്പതിന് പാഠപുസ്തകം തരംതിരിക്കൽ ആരംഭിച്ചു. മാർച്ച് 15ന് ചെർക്കള സെൻട്രൽ സ്‌കൂളിലേക്ക് ആദ്യ പുസ്തക വിതരണം നടന്നു. കെ.ബി.പി.എസിൽ നിന്നും 10,27,222 പാഠപുസ്തകങ്ങളാണ് ജില്ലയിൽ ആദ്യം വിതരണത്തിനെത്തിയത്. ഏപ്രിൽ 20നകം 7,54,184 പുസ്തകം വിതരണം ചെയ്ത് ആദ്യഘട്ടം പൂർത്തിയാക്കി. കെ ബി പി എസിൽ നിന്നും പുസ്തകങ്ങൾ എത്തുന്ന മുറയ്ക്ക് പുസ്തകങ്ങൾ എത്തിച്ചു. കുടുംബശ്രീ തൊഴിലാളികൾ അതിരാവിലെ മുതൽ രാത്രി ഏറെ വൈകിയും, അവധി ദിവസങ്ങളിലും പുസ്തകം എത്തിക്കാൻ കർമ്മനിരതരാണ്.

date