Skip to main content

ആയൂര്‍ ശുദ്ധി'യുടെ നിറവില്‍  രാജക്കാട് ഗ്രാമം  

 

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ  ഭാഗമായി രാജാക്കാട് ഗ്രാമപഞ്ചായത്തില്‍ ആയൂര്‍ശുദ്ധി.  ഗൃഹാന്തരീക്ഷത്തിലെ അണുക്കളുടെയും, കൊതുകിന്റെയും സാനിദ്ധ്യം കുറയ്ക്കുവാന്‍ ആയുര്‍വേദ ഔഷധമായ  അപരാജിത ധൂമ ചൂര്‍ണ്ണം ഉപയോഗിച്ച്  ഒരേസമയം  രാജാക്കാട് ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളും സ്ഥാപനങ്ങളിലും പുകച്ചുകൊണ്ടാണ് ആയൂര്‍ശുദ്ധി നടപ്പാക്കിയത്.  സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, വ്യാപരസ്ഥാപനങ്ങള്‍, പഞ്ചായത്തിലെ  വീടുകള്‍ എന്നിവിടങ്ങളിലെല്ലാം ആയൂര്‍ ശുദ്ധിയുടെ ഭാഗമായി അപരാജിത ധൂമ ചൂര്‍ണ്ണം പുകച്ചു. പ്രത്യേകം തയ്യാറാക്കിയ വാഹനത്തിനു മുകളില്‍ ഔഷധ ധൂമം പുകയ്ക്കുവാനുള്ള സജ്ജീകരണമൊരുക്കി ടൗണിലെ റോഡുകളിലൂടെ സഞ്ചരിച്ച് പൊതുഇടങ്ങളും ശുദ്ധീകരിച്ചു. പരിപാടിയുടെ ഭാഗമായി പഞ്ചായത്തംഗങ്ങള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍ എന്നിവരുടെ  നേതൃത്വത്തില്‍ ഔഷധ ചൂര്‍ണം പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും എത്തിച്ച് നല്‍കിയിരുന്നു. 20 വീടുകള്‍ ഉള്‍പ്പെടുന്ന ക്ലസ്റ്ററുകള്‍ എന്ന രീതിയില്‍ തരം തിരിക്കുകയും എല്ലായിടത്തും പ്രതിരോധ മരുന്നു ലഘുലേഖകളും എത്തിക്കുകയും ചെയ്തു. മഴക്കാല പൂര്‍വ ശൂചീകരണത്തിന്റെ ഭാഗമായി വ്യാപാരസ്ഥാപനങ്ങളും, പൊതു ഇടങ്ങളും, സര്‍ക്കാര്‍ സ്ഥാപനങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ ശുചീകരിച്ചിരുന്നു. ആയൂര്‍വേദ, ഹോമിയോ, അലോപ്പതി വിഭാഗങ്ങളുടെ സഹകരണത്തോടെയാണ് പഞ്ചായത്തില്‍ ശുചീകരണ- രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

കുട്ടികളിലടക്കം ശുചിത്വ ബോധവത്കരണത്തിനും, കൊവിഡ് പ്രതിരോധത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിനായി അപരാജിത ധൂമ  ചൂര്‍ണ്ണം പുകയ്ക്കുന്നതിന്റെ മൊബൈല്‍ വീഡിയോ ചിത്രികരിച്ച് പങ്കുവെക്കുവാനും പൊതുജനങ്ങള്‍ക്ക് അവസരമുണ്ടായിരുന്നു. മികച്ച വീഡിയോകള്‍ക്ക് പഞ്ചായത്ത് സമ്മാനങ്ങളും പ്രഖ്യാപിച്ചു.  136 വീഡിയോകള്‍ മത്സരത്തിനെത്തി. ഇതില്‍ നിന്ന് തിരഞ്ഞെടുത്ത മൂന്ന് വീഡിയോകള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. എന്‍.ആര്‍ സിറ്റി സ്വദേശിനി അനു ലക്ഷ്മി കരിമ്പുംതടത്തില്‍  ഒന്നാം സമ്മാനം നേടി.  മമ്മട്ടിക്കാനം സ്വദേശിനി സരിത റ്റി.എസ്, മലയില്‍ രണ്ടാം സമ്മാനവും, രാജക്കാട് സ്വദേശിനി ദീക്ഷിത കൃഷ്ണ രണ്‍ദീപ്, പുളിക്കല്‍ മൂന്നാം സമ്മാനവും നേടിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുജിത് കുമാര്‍ അറിയിച്ചു. സമ്മാനങ്ങള്‍ ബുധനാഴ്ച വിതരണം ചെയ്യും.

date