Skip to main content

വയോജനങ്ങള്‍ക്ക് ആശ്വാസമായി വയോമിത്രം പദ്ധതി

കോവിഡ് വ്യാപനം രണ്ടാം ഘട്ടത്തിലും തടസമില്ലാതെ ആരോഗ്യ സേവനം ഉറപ്പാക്കി ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വയോമിത്രം പദ്ധതി. സംസ്ഥാന സര്‍ക്കാരിന്‍റെ വയോജനക്ഷേമ രംഗത്ത് ആരോഗ്യ പരിരക്ഷ ഉറപ്പക്കുന്ന വയോമിത്രം പദ്ധതി തടസമില്ലാതെ മുന്നോട്ട് കൊണ്ടുപോവുകയാണ് ഒല്ലൂക്കര. 60 വയസ്സ് കഴിഞ്ഞ വയോജനങ്ങള്‍ക്ക് ഈ പദ്ധതിയിലൂടെ സേവനം ലഭിക്കും. ഇവര്‍ക്ക് ആശുപത്രിയില്‍ ക്യൂ നിന്ന് ഡോക്ടറെ കാണുകയോ മരുന്നിന് വേണ്ടി ബുദ്ധിമുട്ടുകയോ വേണ്ട.
പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന വയോജനങ്ങള്‍ക്ക് ഡോക്ടറുടെ സേവനവും മരുന്നും സൗജന്യമായി ലഭിക്കും. ബ്ലോക്കിലെ പഞ്ചായത്തുകളില്‍ നടത്തുന്ന ക്യാമ്പില്‍ വയോജനങ്ങള്‍ക്ക് ഇന്‍സുലിന്‍ അടക്കമുള്ള സേവനങ്ങള്‍ ലഭിക്കുന്നുണ്ട്.

ഒല്ലൂക്കര ബ്ലോക്ക് വിയോമിത്രം പദ്ധതി ടീമില്‍ പ്രെജക്ട് കോര്‍ഡിനേറ്റര്‍, ഡോക്ടര്‍ രണ്ട് നഴ്സ് ഉള്‍പ്പെടെ നാല് അംഗങ്ങള്‍ ഉണ്ട്. ബ്ലോക്ക് പഞ്ചായത്തിലെ നടത്തറ, പുത്തൂര്‍, പാണഞ്ചേരി, മാടക്കത്തറ ഗ്രാമപഞ്ചായത്തുകളിലായി 728 വയോജനങ്ങള്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒരു മാസത്തില്‍ നാല് ക്യാമ്പാണ് ഓരോ പഞ്ചായത്തിലും നടത്തുന്നത്.
കോവിഡ് സാഹചര്യത്തില്‍ ക്യാമ്പില്‍ എത്താന്‍ കഴിയാത്ത വയോജനങ്ങള്‍ക്ക് ആവശ്യമായ മരുന്നുകള്‍ ആര്‍ ആര്‍ ടി, ആശവര്‍ക്കര്‍മാര്‍, അങ്കണവാടി ടീച്ചര്‍മാര്‍ മുഖേന വീടുകളില്‍ എത്തിച്ചു നല്‍കുന്നു.

date