Skip to main content

ലഹരിവര്‍ജനത്തിലൂടെ ലഹരിമുക്ത കേരളം എന്നതാണ് സര്‍ക്കാര്‍ നയം - മന്ത്രി ടിപി രാമകൃഷ്ണന്‍

 

ലഹരിവര്‍ജനത്തിലൂടെ ലഹരിമുക്ത കേരളം എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. മലപ്പുറം എക്‌സൈസ് ടവറിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ ലഹരിവിമുക്തമാക്കുന്നതിനായി വിപുലമായ പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച് വരുന്നത്. ലഹരിക്കെതിരായ ശക്തമായ ബോധവത്കരണമാണ് സര്‍ക്കാര്‍ നടത്തി വരുന്നത്. സമൂഹത്തെ കാര്‍ന്ന് തിന്നു മയക്കുമരുന്നിനും ലഹരിപദാര്‍ഥങ്ങള്‍ക്കും വ്യാജമദ്യത്തിനുമെതിരെ ശക്തമായ നടപടിയാണ്  സ്വീകിരിക്കുന്നുണ്ട്. രണ്ട് വര്‍ഷത്തിനിടയില്‍ 9686 മയക്ക് മരുന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോടിക്കണക്കിന് രൂപ വിലവരുന്ന് മയക്ക് മരുന്നുകളും കഞ്ചാവുകളും പിടിച്ചെടുക്കുകയും 40000ത്തില്‍ അധികം അബ്കാരി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.. ലഹരിക്കെതിരായ പ്രവര്‍ത്തനത്തില്‍ കേരളം മാതൃകയാണെന്ന് കേന്ദ്ര നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചൂണ്ടിക്കാട്ടിയുണ്ടെന്നും മന്ത്രി പറഞ്ഞു.

എക്‌സൈസ് വകുപ്പിനെ ശക്തിപ്പെടുത്തുന്നതിനും സര്‍ക്കാര്‍ ഒട്ടേറെ നടപടികള്‍ സ്വീകരിച്ച് വരുന്നുണ്ട്. പുതിയ താലൂക്കുകളില്‍ ആറിടത്ത് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് അനുവദിച്ചു. ഇതിനായി മാത്രം 84 തസ്തികകള്‍ സ#ഷ്ടിച്ചിട്ടുണ്ട്. ഇടുക്കി ദേവികുളത്തും നിലമ്പൂരിലും പുതിയ ജനമൈത്രി സര്‍ക്കിള്‍ ഓഫീസും ഇതിനായി 20 തസ്തികകളും സൃഷ്ടിച്ചു. എല്ലാ എക്‌സൈസ് റെയ്ഞ്ച് ഓഫീസിലും ഒരാള്‍ എന്ന നിലയില്‍ 138 വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. 414 വനിതാ എക്‌സൈസ് ഓഫീസര്‍മാരെ പുതുതായി റിക്രൂട്ട് ചെയ്യാനിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
മലപ്പുറം സിവില്‍ സ്റ്റേഷനിലെ 25 സെന്റ് സ്ഥലത്താണ് എക്‌സൈസ്  ടവര്‍ സ്ഥാപിക്കുന്നത്. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നവയടക്കമുള്ള  ഏഴ് ഓഫീസുകള്‍ പുതിയ കെട്ടിടത്തിലേക്ക് മാറും.   ഒരു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ഉദ്ഘാടന ചടങ്ങില്‍ ഉറപ്പ് നല്‍കി. ലഹരി വിരുദ്ധ സന്ദേശവുമായി വിമുക്തി തയ്യാറാക്കിയ 'ജിന്ന്' ഹ്രസ്വ ചിത്രം മന്ത്രി ടിപി ശ്രീരാമകൃഷ്ണന്‍ പ്രകാശനം ചെയ്തു.

 ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എപി ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്‌സന്‍ സിഎച്ച് ജമീല, എക്‌സൈസ് കമ്മീഷനര്‍ ഋഷിരാജ് സിങ്, ഉത്തരമേഖല ജോയന്റ് എക്‌സൈസ് കമ്മീഷനര്‍ ഡി. സന്തോഷ്, എക്‌സൈസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് എന്‍ അശോകന്‍, സെക്രട്ടറി കെ രാമകൃഷ്ണന്‍, അസി. എക്‌സൈസ് കമ്മീഷനര്‍ കെ സജി എന്നിവര്‍ പങ്കെടുത്തു.

 

date