Skip to main content

സാർവദേശീയ സഹകരണ ദിനാചരണം 3ന്

സാർവദേശീയ സഹകരണ ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ജവഹർ സഹകരണ ഭവൻ മിനി കോൺഫറൻസ് ഹാളിൽ 3ന് രാവിലെ 10ന് സഹകരണ ദിനാഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം സഹകരണ മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. സഹകരണ ദിനവുമായി ബന്ധപ്പെട്ട കർമ്മ പദ്ധതിയുടെ പ്രഖ്യാപനം, സ്‌കൂൾ കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകുന്നതിന് സഹകരണ വകുപ്പ് ആവിഷ്‌കരിച്ച വിദ്യാതരംഗിണി വായ്പാ പദ്ധതി ഉദ്ഘാടനം എന്നിവയും മന്ത്രി നിർവഹിക്കും.
ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി സ്വാഗതവും സഹകരണ സംഘം രജിസ്ട്രാർ പി. ബി. നൂഹ് സഹകരണ ദിന കർമ്മ പദ്ധതിയുടെ വിശദീകരണവും നൽകും. വി ജോയ് എംഎൽഎ സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ കൃഷ്ണൻ നായർ എന്നിവർ ആശംസകൾ അർപ്പിക്കും. അഡിഷണൽ രജിസ്ട്രാർ ഡി കൃഷ്ണകുമാർ കൃതജ്ഞത രേഖപ്പെടുത്തും. ഉദ്ഘാടന ചടങ്ങിനെ തുടർന്ന് നടക്കുന്ന വെബിനാറിൽ യുവ സംരംഭകരും സഹകരണ പ്രസ്ഥാനവും എന്ന വിഷയത്തിൽ അഡ്വ.കെ മദനചന്ദ്രൻ നായർ സംസാരിക്കും. 2021 ലെ സഹകരണസംഘങ്ങളുടെ അവാർഡ് പ്രഖ്യാപനവും നടക്കും.
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു നടക്കുന്ന ചടങ്ങ് പൊതുജനങ്ങൾക്ക് കാണുന്നതിനായി ഫേസ്ബുക്ക്, യൂട്യൂബ് എന്നിവയിലൂടെ തത്സമയ സംപ്രേക്ഷണം ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ജില്ലാ/താലൂക്ക് ആസ്ഥാനങ്ങളിലും സംഘങ്ങൾ/ബാങ്കുകൾ എന്നിവയുടെ ആസ്ഥാനത്തും സംസ്ഥാനതല പരിപാടികൾ വീക്ഷിക്കുന്നതിനു കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സൗകര്യം ഒരുക്കും.
പരിപാടി തത്സമയം ലഭിക്കുന്ന ലിങ്കുകൾ: മന്ത്രിയുടെ ഫേസ്ബുക്ക് പേജ് :www.facebook.com/vnvasavanofficial, ആർ.സി.എസ്. കേരളയുടെ ഫേസ്ബുക്ക് പേജ്: www.facebook.com/rcskerala, ആർ.സി.എസ്. കേരളയുടെ യൂട്യൂബ് ചാനൽ :www.youtbe.com/c/PRORCS
പി.എൻ.എക്സ് 2101/2021

date