Skip to main content

വിള ഇൻഷുറൻസ് ബോധവത്കരണ ക്യാമ്പയിൻ

 

നെൽകൃഷി ഒന്നാംവിളയ്ക്ക് 
ജൂലൈ 31നകം പ്രീമിയം അടയ്ക്കണം 

ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ വിള ഇൻഷുറൻസ് വാരാചരണത്തിന്റെയും പ്രധാനമന്ത്രി ഫസൽ ഭീമ യോജന കാമ്പയിന്റെയും ഭാഗമായി ബോധവത്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ് അധ്യക്ഷത വഹിച്ചു. പ്രചാരണവാഹനം പഞ്ചായത്ത് പ്രസിഡന്റ് ഫ്‌ളാഗ് ഓഫ് ചെയ്തു. 

ഫസൽ ഭീമ യോജന സംസ്ഥാന നോഡൽ ഓഫീസർ ഡോ. എം.എസ്.
ബിന്ദു, പ്രിൻസിപ്പൽ കൃഷി ഓഫീസർ ആർ. ശ്രീരേഖ എന്നിവർ സംസാരിച്ചു. കാർഷിക ഇൻഷുറൻസ് കമ്പനി സംസ്ഥാനമേധാവി ശ്യാം പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. ദീപ, വികസനകാര്യ സമിതി അധ്യക്ഷൻ പ്രജിത് കാരിക്കൽ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ സഫീന, അസിസ്റ്റന്റ് ഡയറക്ടർ ഷബീന, കൃഷി ഓഫീസർ മനു കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. 

ജൂലൈ 31നകം നെൽകൃഷി ഒന്നാംവിള കാലത്തേക്ക് പദ്ധതിയിൽ പ്രീമിയം അടയ്ക്കണം. കർഷകരെ സഹായിക്കാൻ ജൂലൈ 12 മുതൽ 17 വരെ അക്ഷയ കേന്ദ്രങ്ങൾ (സി.എസ്.സി) മുഖേന പ്രീമിയം അടയ്ക്കാൻ സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. ഹെക്ടറിന് 1600 രൂപയാണ് പ്രീമിയം. നിലം ഒരുക്കുന്നതു മുതൽ വിളവെടുപ്പ് കഴിഞ്ഞ് 14 ദിവസം വരെയുള്ള നാശനഷ്ടങ്ങൾക്ക് പദ്ധതിയിലൂടെ നഷ്ടപരിഹാരം ലഭിക്കും. സംസ്ഥാന വിള ഇൻഷുറൻസിലും പി.എം.എഫ്.ബി.വൈയിലും കർഷകർക്ക് ഒരുപോലെ ഇൻഷുർ ചെയ്യാം. കൃഷി ഭവൻ, സി.എസ്.സി.(അക്ഷയകേന്ദ്രം), ബാങ്കുകൾ, കാർഷിക ഇൻഷുറൻസ് കമ്പനി ഫെസിലിറ്റേറ്റർ, എന്നിവ മുഖേന പണം അടയ്ക്കാമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു. 

പ്രചാരണവാഹനം പുന്നപ്ര വടക്ക്, പട്ടണക്കാട്, തുറവൂർ, കോടംതുരുത്ത്, എഴുപുന്ന, അരൂർ എന്നീ പഞ്ചായത്തുകളിൽ പര്യടനം നടത്തി. 

date