Skip to main content

തിരൂരങ്ങാടി ബ്ലോക്കിന് കീഴില്‍ വിതരണം ചെയ്തത് 75000 ഫലവൃക്ഷതൈകള്‍

വനംവകുപ്പിന്റെയും സാക്ഷരതാ മിഷന്റെയും ജില്ലാതല ഉദ്ഘാടനവും തിരൂരങ്ങാടിയില്‍
ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വിതരണം ചെയ്തത് 75000 ഫലവൃക്ഷതൈകള്‍. മൂന്നിയൂര്‍, വള്ളിക്കുന്ന് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിസ്ഥിതി ദിനത്തിലെ ഫലവൃക്ഷ തൈനടീല്‍ തൈ വിതരണ ഉദ്ഘാടന പരിപാടികള്‍. ചെമ്മാട്ടെ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് ക്യാമ്പസിലുമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ഫലവൃക്ഷതൈകള്‍ നട്ടു. പി.എസ്.എം.ഒ കോളേജില്‍ വനം വകുപ്പിന്റെ ജില്ലാ തല ഉദ്ഘാടനമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍വ്വഹിച്ചത്. ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടില്‍ തുടര്‍ സാക്ഷരതാ പഠിതാക്കളുടെ ബ്ലോക്ക് തല പരിസ്ഥിതി ദിനാചരണത്തിന്റെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ നിര്‍വ്വഹിച്ചു. പി.എസ്.എം.ഒ കോളേജ് ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ അബ്ദുല്‍ കലാം മാസ്റ്റര്‍ അധ്യക്ഷനായി. കോളേജ് പ്രിന്‍സിപ്പല്‍ ഡോ: അബ്ദുല്‍ അസീസ്, മാനേജര്‍ ബാവ, അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് പി.എന്‍ പ്രേം ചന്ദര്‍, റെയ്ഞ്ച് ഓഫീസര്‍മാരായ എം മോഹന്‍ദാസ്, കെ.ഡി ശശിധരന്‍, എക്സ്റ്റന്‍ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ കെ മനോജ്കുമാര്‍, എന്‍.പി ദിവാകരനുണ്ണി എന്നിവര്‍ പങ്കെടുത്തു. വനം വകുപ്പ് ജില്ലയില്‍ ഇത്തവണ നാല് ലക്ഷത്തി അറുപത്തിയയ്യായിരം ഫലവൃക്ഷ തൈകളാണ് വിതരണം ചെയ്തത്. തുടര്‍ സാക്ഷരതാ പഠിതാക്കളുടെ ബ്ലോക്ക്തല പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ബ്ലോക്ക് കോമ്പൗണ്ടില്‍ വൃക്ഷ തൈനട്ടു. ബ്ലോക്ക് പ്രസിഡന്റ് കെ അബ്ദുല്‍കലാം മാസ്റ്റര്‍ അധ്യക്ഷനായി. ബ്ലോക്ക് സാക്ഷരതാ പ്രേരക് ടി ശ്രീധരന്‍, ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസര്‍ പി ബൈജു, പ്രേരക്മാര്‍ എന്നിവര്‍ പങ്കെടുത്തു. താലൂക്ക് സഹകരണ സംഘം താലൂക്ക് തല ഉദ്ഘാടനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍വ്വഹിച്ചു. ബഡ് ചെയ്ത മൂവായിരം പ്ലാവിന്‍ തൈകള്‍ വിതരണം ചെയ്തു. തിരൂരങ്ങാടി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം അഹമ്മദലി അധ്യക്ഷനായി. ബാങ്ക് സൗജന്യമായി നല്‍കുന്ന പ്ലാവിന്‍ തൈകളുടെ വിതരണം സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ സുരേന്ദ്രന്‍ ചെമ്പ്ര നിര്‍വ്വഹിച്ചു.

 

date