Skip to main content

മെഡിക്കല്‍ കോളേജ് കാന്റീന്‍ ഉടന്‍ പ്രവര്‍ത്തിക്കണം : താലൂക്ക് വികസന സമിതി

മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാന്റീന്‍ ഉടന്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുളള നടപടി സ്വീകരിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനോട് ആവശ്യപ്പെട്ടു. നെല്ല് സംഭരണത്തിന് കര്‍ഷകര്‍ക്ക് ലഭിക്കേണ്ട ഹാന്‍ഡ് ലിംഗ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കണമെന്നും നിലവിലുളള കുടിശ്ശിക എത്രയും വേഗം കര്‍ഷര്‍ക്ക് നല്‍കുവാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനോട് യോഗം നിര്‍ദ്ദേശിച്ചു. കോള്‍പടവിലെ മെയ്ന്‍ കനാലിലുളള ചണ്ടി, കുളവാഴ മുതാലയവ ലേലം ചെയ്ത് നീക്കുന്ന പ്രവര്‍ത്തി അതതു പാടശേഖര കമ്മിറ്റികള്‍ക്ക് നല്‍കണം. ഇതിനായുളള തുകയും കമ്മിറ്റികള്‍ക്ക് നല്‍കണം. യോഗത്തില്‍ കൃഷി വകുപ്പ് മന്ത്രിയുടെ പ്രതിനിധി എം വിജയന്‍ അദ്ധ്യക്ഷത വഹിച്ചു. വികസന സമിതി അംഗങ്ങളായ വി  എന്‍ സുര്‍ജിത്, മണലൂര്‍ നിയോജക മണ്ഡലം എം എല്‍ എ യുടെ പ്രതിനിധി ഷീന പറയങ്ങാട്ടില്‍, നാട്ടിക നിയോജക മണ്ഡലം എം എല്‍ എ യുടെ പ്രതിനിധി പി ടി സണ്ണി, തൃശൂര്‍ എം പി യുടെ പ്രതിനിധി ജോണ്‍സണ്‍ കാഞ്ഞിരത്തിങ്കല്‍,  വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പു തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. തൃശൂര്‍ തഹസില്‍ദാര്‍ കെ സി ചന്ദ്രബാബു സ്വാഗതവും ഭൂരേഖ തഹസില്‍ദാര്‍ കെ എം എല്‍ദോ നന്ദിയും പറഞ്ഞു.

date