Skip to main content

അടൂര്‍ ജനറല്‍ ആശുപത്രി പ്രത്യേക നവജാത ശിശു പരിചരണ വിഭാഗം, തിരുവല്ല താലൂക്ക് ആശുപത്രി കോവിഡ് ഐ.സിയു ഉദ്ഘാടനം നാളെ

മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും

നൂറ് ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി അടൂര്‍ ജനറല്‍ ആശുപത്രിയിലെ പ്രത്യേക നവജാത ശിശു പരിചരണ വിഭാഗം, തിരുവല്ല താലൂക്ക് ആശുപത്രിയിലെ കോവിഡ് ഐ.സിയു  എന്നിവയുടെ ഉദ്ഘാടനം നാളെ (24 ശനി) ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും.  ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഡെപ്യൂട്ടി  സ്പീക്കര്‍ ചിറ്റയം  ഗോപകുമാര്‍, മാത്യു ടി. തോമസ് എം.എല്‍.എ, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ തുടങ്ങിയവര്‍ പങ്കെടുക്കും.

അടൂര്‍ ജനറല്‍ ആശുപത്രിയിലെ പ്രത്യേക നവജാത ശിശു പരിചരണ വിഭാഗത്തിന് ആരോഗ്യകേരളം 2017-18   പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20.7 ലക്ഷം രൂപയാണ് ചെലവഴിച്ചിരിക്കുന്നത്.  പത്തനംതിട്ട ജില്ലയിലെ ഏക നവജാതശിശു പ്രത്യേക പരിചരണ യൂണിറ്റാണ് ഇപ്പോള്‍ പ്രവര്‍ത്തന സജ്ജമായിരിക്കുന്നത്. ഇതില്‍ അഞ്ച് ഇന്‍ബോണ്‍ യൂണിറ്റ്, നാല് ഔട്‌ബോണ്‍ യൂണിറ്റ്, ട്രയാജ് ഏരിയ, സെന്‍ട്രല്‍ ഓക്‌സിജന്‍ സംവിധനം തുടങ്ങിയവ ഉള്‍പ്പെടുന്നു. ഇവിടെ ഫോട്ടോ തെറാപ്പി യൂണിറ്റ്, വാര്‍മെര്‍  തുടങ്ങിയ സംവിധാനങ്ങള്‍  സജ്ജമാക്കിയിട്ടുണ്ട്. നവജാത ശിശുക്കളിലെ രക്തത്തിലെ അണുബാധ,  ജനിക്കുമ്പോള്‍ ഭാരക്കുറവുള്ള കുഞ്ഞുങ്ങളുടെ സംരക്ഷണം, നവജാത ശിശുക്കളിലെ  രക്തം മാറ്റിവയ്ക്കല്‍, നവജാത ശിശുക്കളില്‍ അധികമായി കാണുന്ന മഞ്ഞനിറം, ജനിച്ച് 28 ദിവസത്തിനകമുള്ള അണുബാധ, ഡയബറ്റിക് ബാധിതരായ അമ്മമാരുടെ നവജാതശിശുക്കളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക,  ജനിച്ച ഉടന്‍ കരയാത്ത കുഞ്ഞുങ്ങളുടെ  സംരക്ഷണം (വെന്റിലേറ്റര്‍ ആവശ്യം ഇല്ലാത്തവര്‍), ഫീറ്റല്‍ ഡിസ്‌ട്രെസ് ആയി ജനിക്കുന്ന കുഞ്ഞുങ്ങളുടെ ചികിത്സ എന്നിവ ഇവിടെ ലഭിക്കും. അതീവ ഗുരുതരാവസ്ഥയിലുള്ള നവജാത ശിശുക്കളെ പ്രഥമ ചികിത്സ നല്‍കി റഫര്‍ ചെയ്യുന്നത്തിനുള്ള സൗകര്യവും ലഭ്യമാണ്. ഈ യൂണിറ്റില്‍ പ്രത്യേക പരിശീലനം ലഭിച്ച സ്റ്റാഫുകളുടെ സേവനം ലഭ്യമാക്കുന്നു.

  ഇതു കൂടാതെ നവജാത ശിശുക്കളുടെ ഹൃദയസംബന്ധമായതും കേള്‍വി, ചികിത്സിച്ചു മാറ്റാന്‍  കഴിയുന്ന ആറ് ജനിതക രോഗങ്ങള്‍ എന്നിവ മുന്‍കൂട്ടി കണ്ടുപിടിക്കുന്നതിനുള്ള പരിശോധനകള്‍ നടത്തുന്നുണ്ട്. മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അമ്മമാര്‍ക്ക് തുടര്‍ച്ചയായ ചിട്ടയായ പഠന ക്ലാസുകള്‍ നടത്തുന്നു. നവജാത ശിശു സംരക്ഷണത്തിനായിട്ടുള്ള തുടര്‍പരിശീലന പരിപാടികള്‍ ആശുപത്രിയിലെ എല്ലാ വിഭാഗം ജീവനക്കാര്‍ക്കും നല്‍കി വരുന്നു.

തിരുവല്ല താലൂക്ക് ആശുപത്രിയിലെ കോവിഡ് ഐ.സിയു 11.25 ലക്ഷം രൂപ ചെലവഴിച്ചാണ് സജ്ജമാക്കിയിരിക്കുന്നത്. ആശുപത്രിയില്‍ നിലവിലുള്ള നാല് കിടക്കകള്‍ ഉള്ള ഐ.സി.യു വിന് അടുത്തുള്ള വാര്‍ഡില്‍ ആറ് ഐ.സി.യു കിടക്ക ഉള്‍പ്പെടുത്തിക്കൊണ്ട് എന്‍.എച്ച്.എം  കോവിഡ് ഫണ്ടില്‍ നിന്നും 11.25 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ ഐ .സി.യു സജ്ജീകരിച്ചിരിക്കുന്നു.  സെന്‍ട്രലൈസ്ഡ് ഓക്‌സിജിന്‍, സ്വകാര്യതയ്ക്കായി കര്‍ട്ടന്‍ പാര്‍ട്ടീഷന്‍, പവര്‍ ബായ്ക്കപ്പിനായി  യു.പി.എസ്, പ്രത്യേകം നഴ്സ്സ്  സ്റ്റേഷന്‍ എന്നീ സൗകര്യങ്ങളുള്‍പ്പെടുത്തി  700 ചതുരശ്ര അടി വിസ്തൃതിയുണ്ട് ഐ.സി.യു വിഭാഗത്തിന്.

date