Skip to main content

കോരപ്പുഴ അഴിമുഖത്തെ ഡ്രഡ്ജിംഗ് പ്രവൃത്തികള്‍ വേഗത്തിലാക്കുമെന്ന് മന്ത്രി

 

 

 

കോരപ്പുഴ അഴിമുഖത്തെ ഡ്രഡ്ജിംഗ് പ്രവൃത്തിയുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കുമെന്ന് 
ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.  മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ്  തീരുമാനം.    

2015 മെയ് മാസം പദ്ധതിയ്ക്ക് 1.17 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയെങ്കിലും കരാര്‍ കമ്പനി പദ്ധതി ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ഡ്രഡ്ജിംഗ് ജോലികള്‍ ആരംഭിക്കാനായില്ല. തുടര്‍ന്ന് 3.75 കോടിയുടെ റിവൈസ്ഡ് എസ്റ്റിമേറ്റ് തയ്യാറാക്കി 2019 നവംബറില്‍ പദ്ധതി റീ ടെന്‍ഡര്‍ ചെയ്തെങ്കിലും കരാര്‍ ലഭിച്ച കമ്പനി വിവിധ കാരണങ്ങളാല്‍ കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയിലെ കേസ് വേഗത്തില്‍ തീര്‍പ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനിച്ചു.

ജില്ലയിലെ 15ല്‍പ്പരം പഞ്ചായത്തുകളിലായി 3000ല്‍പരം പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ കോരപ്പുഴയെ ആശ്രയിക്കുന്നുണ്ട്. പുഴയില്‍ ചെളിയും മണലും മറ്റ് മാലിന്യങ്ങളും അടിഞ്ഞു കൂടുന്നത് മൂലം അഴിമുഖത്ത് നീരൊഴുക്ക് ദുര്‍ബലപ്പെടുകയും കടലില്‍ നിന്നും പുഴയിലേക്കുള്ള മല്‍സ്യങ്ങളുടെ വരവ് ഇല്ലാതാകുകയും ചെയ്തു. മല്‍സ്യത്തൊഴിലാളികളുടെ ദുരിതത്തിന് പരിഹാരമായാണ് കോരപ്പുഴയില്‍ ഡ്രഡ്ജിംഗ് നടത്താന്‍ തീരുമാനിച്ചത്. 

യോഗത്തില്‍ വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍, കാനത്തില്‍ ജമീല എം.എല്‍.എ, ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

date