Skip to main content

കോവിഡ്-19: വീടുകളിൽ നിരീക്ഷണത്തിലാക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തും; വിപുലമായ സമ്പർക്ക പട്ടിക തയ്യാറാക്കും

വാർഡ് തല ജാഗ്രതാ സമിതികൾ പ്രവർത്തനം ശക്തിപ്പെടുത്തും

ജില്ലയിലെ കോവിഡ്-19 വ്യാപനം നിയന്ത്രിക്കാൻ വീടുകളിൽ നിരീക്ഷണത്തിലാക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്താനും കോവിഡ് പോസീറ്റിവ് രോഗികളുടെ വിപുലമായ സമ്പർക്കപട്ടിക തയ്യാറാക്കാനും ജില്ലാ ഭരണസംവിധാനത്തിന്റെ നിർദേശം.
ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലയിലെ തദ്ദേശ സ്ഥാപന അധ്യക്ഷരുടെയും സെക്രട്ടറിമാരുടെയും മെഡിക്കൽ ഓഫീസർമാരുടെയും  ഓൺലൈൻ യോഗത്തിൽ നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രൊജക്ട് മാനേജർ ഡോ. എ.വി. രാമദാസാണ് കോവിഡ് പ്രതിരോധത്തിനുള്ള നിർദേശങ്ങൾ അവതരിപ്പിച്ചത്.
കോവിഡ് പോസിറ്റീവായി വീടുകളിൽ തന്നെ നിരീക്ഷണത്തിൽ കഴിയാൻ താൽപര്യപ്പെടുന്നവർ മതിയായ സൗകര്യങ്ങളുണ്ടെങ്കിലേ വീട്ടിൽ നിരീക്ഷണത്തിലിരിക്കാവൂ. പ്രത്യേക ശുചിമുറി ഉൾപ്പെടെ സൗകര്യങ്ങൾ ഇല്ലെങ്കിൽ
നിർബന്ധമായും ഡൊമിസിലറി കെയർ സെന്ററുകളിലേക്ക് മാറാൻ തയ്യാറാകണം. നിലവിൽ എല്ലാ പഞ്ചായത്തുകളിലും ഡോമിസിലറി കെയർ സെന്ററുകൾ സജ്ജമാണ്. വീടുകളിൽ നിന്ന് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഈ നിർദേശം. രോഗ ലക്ഷണങ്ങളില്ലാത്തവരെയും ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തവരെയുമാണ് ഡോമിസിലറി കെയർ സെന്ററിലേക്ക് മാറ്റുക. സാരമായ ആരോഗ്യ പ്രശ്‌നമുള്ള കോ വിഡ് ബാധിതരെ നിർബന്ധമായും സി.എഫ്.എൽ.ടി.സികളിലേക്ക് മാറ്റണമെന്നും  നിർദേശിച്ചു.
കോവിഡ് പോസിറ്റീവ് ആകുന്നതിന് രണ്ട് ദിവസം മുമ്പും തുടർന്നുള്ള മൂന്ന് ദിവസവും നേരിട്ട് സമ്പർക്കത്തിലേർപ്പെട്ടവരെ നിരീക്ഷണത്തിലാക്കും. ഇതിന്റെ വിവര ശേഖരണത്തിനൊപ്പം കൃത്യമായി വാർഡ്തല ജാഗ്രതാ സമിതികളുടെ നിരീക്ഷണവും ഏർപ്പെടുത്തും. കണ്ടെയിൻമെന്റ് സോൺ കേന്ദ്രീകരിച്ച് ജാഗ്രതാ സമിതികളുടെ പ്രവർത്തനം ശക്തമാക്കണം. പഞ്ചായത്തുകളിൽ കോവിഡ് പോസിറ്റീവ് ആയ രോഗികൾക്ക് പൾസ് ഓക്സി മീറ്ററുകൾ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും ആർ.ടി.പി.സി.ആർ പരിശോധന നടത്തിയാൽ ഫലം വരും വരെ സമ്പർക്കമില്ലാതെ നിരീക്ഷണത്തിൽ കഴിയണമെന്നും നിർദേശിച്ചു.
വാർഡ് തല ജാഗ്രതാ സമിതി സൗകര്യങ്ങൾ സംബന്ധിച്ച പരിശോധനകൾ നടത്തി ക്വാറന്റീൻ ഉറപ്പുവരുത്തണമെന്നും നിർദേശമുണ്ട്.
കർണാടകയിലേക്ക് പോകാൻ ആർ.ടി.പി.സി.ആർ ടെസ്റ്റ് നിർബന്ധമാക്കിയ സാഹചര്യത്തിൽ ഫലം ലഭ്യമാകുന്നതിലുണ്ടാകുന്ന കാലതാമസം ഒഴിവാക്കണമെന്ന് അതിർത്തി മേഖലയിലെ പഞ്ചായത്ത് പ്രസിഡന്റുമാർ ആവശ്യപ്പെട്ടു. ആർടിപിസിആർ ഫലം വരാൻ നിലവിൽ  അഞ്ച് ദിവസം വരെ വേണ്ടിവരുന്നുണ്ട്. വേഗത്തിൽ ഫലം ലഭ്യമാകുന്നതിന് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കേന്ദ്ര സർവ്വകലാശാല ലാബും സ്പൈസ് ഹെൽത്തുമായി ചേർന്ന് നടപടി സ്വീകരിക്കുമെന്ന് ജില്ലാ ആരോഗ്യ വിഭാഗം ഉറപ്പു നൽകി. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ  ജയ്സൺ മാത്യു എന്നിവർ യോഗത്തിൽ സംബന്ധിച്ചു.

date