Skip to main content

ഓണക്കിറ്റുകളിൽ  വിളർച്ചയ്ക്കെതിരെ സന്ദേശം മുദ്രണം ചെയ്ത് വനിതാ ശിശു വികസന വകുപ്പ്

അനീമിയ നിർമ്മാർജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ക്യാമ്പയിൻ 12 പ്രചരണ പരിപാടിയുടെ സന്ദേശം ആഗസ്റ്റിൽ സിവിൽ സപ്ലൈസ് വകുപ്പ് വഴി വിതരണം ചെയ്യുന്ന ഓണക്കിറ്റുകളിൽ പതിപ്പിക്കും. കിറ്റുകളിലൂടെ സംസ്ഥാനത്തെ 85 ലക്ഷത്തോളം കുടുംബങ്ങളിൽ അനീമിയ നിർമാർജന സന്ദേശം ലഭ്യമാക്കാനാണ് വനിതാ ശിശു വികസന വകുപ്പ് ലക്ഷ്യമിടുന്നത്. സിവിൽ സപ്ലൈസ് ഡിപ്പോകളിലും അഞ്ച് അങ്കണവാടി പ്രവർത്തകർ അടങ്ങുന്ന ഗ്രൂപ്പുകൾ ഷിഫ്റ്റ് അടിസ്ഥാനത്തിൽ സന്ദേശം മുദ്രണം ചെയ്യുന്നത് ആരംഭിച്ചു കഴിഞ്ഞു. ജില്ലയിൽ കാഞ്ഞങ്ങാട്, കാസർകോട് സപ്ലൈകോ ഡിപ്പോകളിലും സബ് ഡിപ്പോകളിലുമായി ഒമ്പത് കേന്ദ്രങ്ങളിലാണ്  ഈ പ്രവൃത്തി നടക്കുന്നത്.
വിവിധ ഐ.സി.ഡി.എസുകളിൽ നിന്നുമുള്ള അഞ്ച് സി.ഡി.പി.ഒമാർ, 35 അങ്കണവാടി  പ്രവർത്തകർ എന്നിവർ ആഗസ്റ്റ് 30നകം ജില്ലയിലേക്കുള്ള മുഴുവൻ ഓണക്കിറ്റുകളിലും ക്യാമ്പയിൻ മുദ്ര പതിപ്പിക്കും. നിലവിൽ 19,000 കിറ്റുകളിൽ മുദ്രണം നടത്തി കഴിഞ്ഞു.
ജനുവരി 12ന്  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ക്യാമ്പയിൻ 12 പരിപാടിയിൽ ഓരോ മാസവും 12ന് വിവിധതരത്തിലുള്ള ആളുകളെ കേന്ദ്രീകരിച്ചാണ് ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നത്. ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, വയോജനങ്ങൾ, കൗമാരക്കാർ, കോളേജ് വിദ്യാർത്ഥികൾ, മത്സ്യത്തൊഴിലാളികൾ തുടങ്ങിയ ആളുകൾ ജില്ലയിൽ ഇതുവരെയായി ബോധവത്കരണ പരിപാടിയിൽ പങ്കാളികളായി.

date