Skip to main content

ജില്ലയിലെ ഫാമുകളില്‍ കൂടുതല്‍ തൊഴിലാളികളെ അനുവദിക്കണം; ജില്ലാ പഞ്ചായത്ത് യോഗം

ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ഫാമുകളില്‍ കൂടുതല്‍ തൊഴിലാളികളെ നിയമിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് ശുപാര്‍ശ നല്‍കാന്‍  പ്രസിഡണ്ട് പി പി ദിവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു. സുഭിക്ഷ കേരളം, ഒരു കോടി മാവിന്‍ തൈ പദ്ധതികള്‍ നടപ്പാക്കുന്നതിനാല്‍  ഫാമുകളിലെ തൊഴിലാളികളുടെ ജോലിഭാരം ഏറുകയാണ്. ഫാമുകളില്‍ ആവശ്യത്തിന് തൊഴിലാളികള്‍ ഇല്ലാത്തതിനാല്‍ ഫാമിന്റെ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കൂടുതല്‍ തൊഴിലാളികളെ നിയമിക്കുന്നതിനായി അനുവാദം തേടാന്‍ തീരുമാനിച്ചത്. ഫാമുകളിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുന്നതിനായി രണ്ടുമാസത്തിലൊരിക്കല്‍ തൊഴിലാളികളുടെ യോഗം വിളിച്ചു ചേര്‍ക്കണമെന്ന് ഫാംസൂപ്രണ്ടുമാരോട് യോഗം നിര്‍ദേശിച്ചു.
ജനസംഖ്യാനുപാതികമായി വാക്സിന്‍ നല്‍കുമ്പോള്‍ പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും ആദിവാസി ഊരുകളില്‍ കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും ജില്ലാ പഞ്ചായത്ത് യോഗം ആവശ്യപ്പെട്ടു. കേരളത്തിന് കൂടുതല്‍ വാക്സിന്‍ നല്‍കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടാവണമെന്ന അഭിപ്രായവും യോഗത്തിലുയര്‍ന്നു.
എബിസി പദ്ധതി അടിയന്തിരമായി ആരംഭിക്കും. നായപിടുത്തക്കാരെയും, വെറ്ററിനറി ഡോക്ടര്‍റെയും നിയോഗിച്ച് കഴിഞ്ഞു. നായശല്യം ഏറ്റവും രൂക്ഷമായ സ്ഥലങ്ങളില്‍ എത്രയും പെട്ടെന്ന് പദ്ധതി ആരംഭിക്കും. നായ ശല്യം കുറക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധ പുലര്‍ത്തണമെന്നും പൊതു സ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് ഒഴിവാക്കണമെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.
ജില്ലാ പഞ്ചായത്തിനു കീഴിലുള്ള രയരോം, മാട്ടൂല്‍,ഇരിക്കൂര്‍, പടിയൂര്‍,ചെറിയൂര്‍ എന്നിവിടങ്ങളിലെ ഏഴ് സ്‌കൂളുകളുടെ അറ്റകുറ്റപണികള്‍ ഫണ്ടിന്റെ ലഭ്യതയ്ക്കനുസരിച്ച് നടപ്പാത്താനും യോഗം തീരുമാനിച്ചു.  മാലൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിന് ജില്ലാ പഞ്ചായത്ത് അനുവദിച്ചിട്ടുള്ള ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പ്രവൃത്തി എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട് എക്സിക്യൂട്ടീവ് എഞ്ചീനീയര്‍ക്ക് കത്ത് നല്‍കാനും യോഗം തീരുമാനിച്ചു. വേങ്ങാട് ഇ കെ നായനാര്‍ സ്മാരക ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍, പിണറായി എകെജിസ്മാരക ജിഎച്ച്എസ്എസ് കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുന്നതുമായി ബന്ധപ്പെട്ട് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എക്സിക്യൂട്ടീവ് എഞ്ചീനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലാപഞ്ചായത്തിനു കീഴിലുള്ള സയന്‍സ് പാര്‍ക്ക് ഗവേര്‍ണിംഗ് ബോഡി 13 അംഗങ്ങളെ ഉള്‍പ്പെടുത്തി പുനസംഘടിപ്പിച്ചു.
ആറളം നവജീവന്‍ കോളനിയിലെ കുടിവെള്ള കണക്ഷന്‍ വിച്ഛേദിച്ചത് പുതിയ കണക്ഷന്‍ എടുത്ത് പുനസ്ഥാപിക്കുന്നതിന് തീരുമാനിച്ചു.
ജില്ലയിലെ കര്‍ഷകര്‍ ഉദ്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കള്‍, വിത്തുകള്‍, ജൈവവളങ്ങള്‍, ചെറുകിട കാര്‍ഷിക യന്ത്രങ്ങള്‍, ഉപകരണങ്ങള്‍ എന്നിവയുടെ വിപണനത്തിനായി ജില്ലാപഞ്ചായത്ത് വികസന കേന്ദ്രത്തിന്റെ കെട്ടിടത്തില്‍ ഒഴിഞ്ഞു കിടക്കുന്ന മുറി മയ്യില്‍ റൈസ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് മയ്യില്‍ എന്ന സ്ഥാപനത്തിന് അനുവദിക്കുന്നതിനും യോഗം തീരുമാനിച്ചു.
ഈ വര്‍ഷത്തെ വികസന ഫണ്ടില്‍ നിന്നും ഇതുവരെ 8.11 ശതമാനവും മെയിന്റനന്‍സ് ഫണ്ടില്‍ നിന്നും 5.48 ശതമാനവും ഫണ്ട് വിനിയോഗിച്ചു.  യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷയായി. വൈസ് പ്രസിഡണ്ട് ബിനോയ് കുര്യന്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ യു പി ശോഭ, വി കെ സുരേഷ് ബാബു, അഡ്വ കെ കെ രത്‌നകുമാരി, അഡ്വ ടി സരള, സെക്രട്ടറി വി ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date