Skip to main content

കോവിഡ് ഗർഭിണികൾക്കായി   ബ്ലോക്ക് സജ്ജം

ആലുവ: ആലുവ ജില്ലാ ആശുപത്രിയിലെ  കോവിഡ് ബ്ലോക്കിൽ കോവിഡ് ഗർഭിണികളുടെ പ്രവേശനം ആരംഭിച്ചു. നിലവിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന കോവിഡ് ബ്ലോക്കിൻ്റെ മുകളിലത്തെ നിലയാണ് ഇതിന് വേണ്ടി സജ്ജമാക്കിയത്. ഗർഭിണികൾക്കായി ലേബർ റൂം, കോവിഡ് രോഗികളുടെ അടിയന്തിര ശസ്ത്രക്രിയക്കായി ഓപ്പറേഷൻ തിയേറ്റർ , എന്നിവയും സജ്ജമായി.

കോവിഡ് രോഗികൾക്കായുള്ള സർജറി വാർഡ്,നിരീക്ഷണ വാർഡ്, പ്രസവാനന്തര വാർഡ്,നവജാത ശിശുക്കളുടെ അടിയന്തിര പരിചരണ വിഭാഗം, ഗർഭിണികളുടെ വാർഡ് എന്നിവയും പൂർത്തിയായി. ഓരോ വാർഡിലും ഓക്സിജൻ സൗകര്യത്തോടെ മൾട്ടി പാരാ മോണിറ്ററോടു കൂടി  ബെഡുകൾ തയ്യാറായി.

രണ്ട് കോടി രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ ഈ ബ്ലോക്കിൽ മാത്രമായുണ്ട്. കോവിഡ് രോഗികൾക്ക് വാക്ക് ഇൻ ഡയാലിസിസ് നടത്തുവാനുള്ള യൂണിറ്റും ഈ ബ്ലോക്കിലാണ്.ഇതിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. ആലുവ ജില്ലാ ആശുപത്രിയിൽ ഉപയോഗ്യശൂന്യമായി കിടന്ന കെട്ടിടം കോവിഡിൻ്റെ അടിയന്തിര സാഹചര്യത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തി കോവിഡ് ബ്ലോക്കാക്കി മാറ്റുകയായിരുന്നു. ഒരു കോടി രൂപയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും ദേശീയ ആരോഗ്യ ദൗത്യവും മുഖേന പൂർത്തിയാക്കി. ജനറേറ്ററിന് വേണ്ടി 20 ലക്ഷം രൂപയും 50 ലക്ഷം രൂപയുടെ ഉപകരണങ്ങളും ജില്ലാ പഞ്ചായത്ത് നൽകി. ഫെഡറൽ ബാങ്കും റോട്ടറി ക്ലബ്ബും വെൻ്റിലേറ്റർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ നൽകി. ജില്ലാ ആശുപത്രി സൂപ്രണ്ട്ഡോ.പ്രസന്നകുമാരി, നോഡൽ ഓഫീസർ ഡോ.സിറിൾ ജി.ചെറിയാൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങളുടെ ഏകോപനം നടന്നത്.

date