Skip to main content

'ഇന്ത്യ അറ്റ് 75: സ്വാതന്ത്ര്യത്തിന്റെ അമൃത് രുചിച്ച് യുവത; ത്രിവര്‍ണമേന്തി ആഘോഷം'

പുതിയ ആശയങ്ങളുടെയും പ്രതിജ്ഞകളുടെയും അമൃതം നുകര്‍ന്ന് യുവത. സ്വാതന്ത്ര്യസമരത്തിന്റെ തീപ്പൊരി വീണ എറിയാടിന്റെ തെരുവ് വീഥികളില്‍ അവര്‍ ഒരിക്കല്‍ കൂടി പ്രതീകാത്മക 'ക്വിറ്റ് ഇന്ത്യ' മുദ്രാവാക്യം മുഴക്കി. ത്രിവര്‍ണനിറമുള്ള കുപ്പായമണിഞ്ഞ് ഫ്രീഡം റണ്ണുമായി അവര്‍ ഒരു കാലഘട്ടത്തെ ഓര്‍മകളിലേക്ക് ആവാഹിച്ചു. കേന്ദ്ര ഗവണ്മെന്റിന്റെ 'ആസാദി കാ അമൃത്' ജില്ലാതല ആഘോഷങ്ങള്‍ക്ക് വേദിയായത്സ്വാതന്ത്ര്യ സമരസേനാനി മുഹമ്മദ് അബ്ദുറഹ്‌മാന്‍ സാഹിബിന്റെ ജന്മനാടായ എറിയാടാണ്.
സ്വാതന്ത്ര്യത്തിന്റെ 75 ാം വാര്‍ഷികത്തിന്റെ ഓര്‍മയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പരിപാടികളുടെ ഒരു പരമ്പരയാണ് ആസാദി കാ അമൃത് മഹോത്സവ്. 75 ആഴ്ചകള്‍ക്ക് മുമ്പ് മാര്‍ച്ച് 12 ന് തുടക്കം കുറിച്ച ആഘോഷപരിപാടികള്‍ ഓഗസ്റ്റ് 15ന് സമാപിക്കും.ജില്ലയില്‍നെഹ്‌റു യുവകേന്ദ്രയും നാഷണല്‍ സര്‍വീസ് സ്‌കീമുംസംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. എറിയാട് മുഹമ്മദ് അബ്ദുറഹിമാന്‍ മെമ്മോറിയല്‍ ലൈബ്രറിയില്‍ നിന്നാരംഭിച്ച ഫ്രീഡം റണ്ണില്‍ എഴുപത്തിയഞ്ച് യുവതീയുവാക്കള്‍ പങ്കെടുത്തു.കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഇരുപത് പേര്‍ വീതമുള്ള ഗ്രൂപ്പുകളായി തിരിഞ്ഞാണ് ഓട്ടം നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് കെ പി രാജന്‍ ഫ്‌ലാഗ് ഓഫ് ചെയ്ത ഫ്രീഡം റണ്‍ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് സ്മാരകത്തില്‍ സമാപിച്ചു. നെഹ്‌റു യുവ കേന്ദ്ര ഡെപ്യൂട്ടി ഡയറക്ടര്‍ എം. അനില്‍ കുമാര്‍ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.
കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ ആഭിമുഖത്തില്‍ സംഘടിപ്പിക്കുന്ന ആസാദി കാ അമൃത് മഹോത്സവം എഴുപത്തിയഞ്ച് ആഴ്ചകളിലായി നടന്നുവരികയാണ്.ജനപങ്കാളിത്തോടെ ജനകീയ ഉത്സവമായിട്ടായാണ് ഇത് ആഘോഷിക്കുന്നത്. ചരിത്ര പ്രാധാന്യമുള്ള രാജ്യത്തെ 744 ജില്ലകളിലെ 75 സ്ഥലങ്ങളിലും 75 പേര് വീതം പങ്കെടുക്കുന്ന കൂട്ടയോട്ടങ്ങളാണ് സംഘടിപ്പിച്ചത്. സംസ്ഥാനത്ത് തൃശൂര്‍ അബ്ദുറഹ്‌മാന്‍ സ്മാരകം, വയനാട് മാവിലാംതോട് പഴശ്ശി സ്മാരകം, കോട്ടയം ചെമ്പില്‍ അരയന്‍ സ്മാരകം, കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപിലുമാണ് ഫ്രീഡം റണ്‍ സംഘടിപ്പിച്ചത്.
അബ്ദുറഹ്‌മാന്‍ സ്മാരകത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ തൃശൂര്‍ സെന്റ് തോമസ് കോളേജ്, കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ കോളേജ്, പടിഞ്ഞാറേ വെമ്പല്ലൂര്‍ അസ്മാബി എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളും മുഹമ്മദ് അബ്ദു റഹ്‌മാന്‍ സ്മാരക ലൈബ്രറി ക്ലബ്ബ്, കൊടുങ്ങല്ലൂര്‍ താഴ്വാരം ക്ലബ്ബ് പ്രവര്‍ത്തകരും ഭാഗമായി.
പ്രാദേശികതലത്തില്‍ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നല്‍കിയവരെയും സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനങ്ങളിലൂടെ സ്വാതന്ത്ര്യ സമരത്തിന് ഊര്‍ജം നല്‍കിയവരെയും പരിപാടിയില്‍ അനുസ്മരിച്ചു.മുഹമ്മദ് അബ്ദുറഹിമാനെ കുറിച്ച് ടൂറിസം വകുപ്പ് പുറത്തിറക്കിയ വീഡിയോ പ്രദര്‍ശനവും നടത്തി.
പടിഞ്ഞാറെ വെമ്പല്ലൂര്‍ അസ്മാബി കോളജ് അധ്യാപകന്‍ ഡോ. സാനന്ദ് സദാനന്ദന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ പി രാജന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം സുഗത ശശിധരന്‍, മതിലകം ബ്ലോക്ക് പഞ്ചായത്ത് അംഗം ഫഫ്ല്‍ കെ എ, പഞ്ചായത്തംഗങ്ങളായ എ പി സ്‌നേഹലത, പ്രവീണ്‍ വി ബി, നെഹ്‌റു യുവ കേന്ദ്ര പ്രോഗ്രാം അസിസ്റ്റന്റ് നന്ദകുമാര്‍, നാഷണല്‍ സര്‍വീസ് സ്‌കീം ജില്ലാ കോഡിനേറ്റര്‍ ഡോ ബിനു ടി വി, കെ എം ഇബ്രാഹിം, മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരക ലൈബ്രറി ക്ലബ് അംഗങ്ങളായ എം വി രജീഷ്, വി എസ് അനീഷ്, ടി കെ ശാന്തിലാല്‍ എന്നിവര്‍ പങ്കെടുത്തു.

 

 

date