Skip to main content

തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ ടൂറിസം കേന്ദ്രങ്ങളൊരുക്കി, ആഭ്യന്തര ടൂറിസത്തെ പ്രോത്സാഹിപ്പിക്കും: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

കേരളത്തിലെ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശത്തും ഓരോ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിച്ച് ആഭ്യന്തര ടൂറിസത്തെ പ്രോത്സാഹിപ്പിക്കുമെന്ന് തദ്ദേശസ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. പ്രാദേശിക ടൂറിസം വികസനവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി ഗോവിന്ദന്‍ മാസ്റ്റര്‍.
ആഭ്യന്തര വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനൊപ്പം പ്രാദേശിക തലത്തില്‍ തൊഴിലും വരുമാനവും വര്‍ധിപ്പിക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. പ്രാദേശികമായ കൂട്ടായ്മകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തിലുണ്ടാക്കി, തനത് രീതികളില്‍ പ്രാദേശിക ടൂറിസം കേന്ദ്രങ്ങളെ മോടിപിടിപ്പിക്കുമെന്നും ഉത്തരവാദിത്ത ടൂറിസത്തിലൂന്നി മുന്നോട്ടുപോകാന്‍ പിന്തുണ നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. ഹോം സ്റ്റേ, പ്ലാന്റേഷന്‍ ടൂറിസം, ഫാം ടൂറിസം തുടങ്ങിയ സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിച്ചും പ്രാദേശിക ജനങ്ങളെ ടൂറിസം വിപണിയും സേവനങ്ങളുമായി ബന്ധിപ്പിച്ചും ജനകീയമായ പങ്കാളിത്തം ഉറപ്പാക്കും. ശുചിത്വം ഉറപ്പുവരുത്തി ടൂറിസ സൗഹൃദ അന്തരീക്ഷം തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങളില്‍ ഉറപ്പുവരുത്തുമെന്ന് മന്ത്രി പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങളിലുള്ള തനത് കല-സാംസ്‌കാരിക പൈതൃകങ്ങളെ  ടൂറിസം മേഖലയുമായി ബന്ധിപ്പിക്കുന്നതിനൊപ്പം പ്രാദേശിക ഭക്ഷ്യ വിഭവങ്ങളുടെയും കരകൗശല വസ്തുക്കളുടെയും ഉല്‍പ്പാദനവും വില്‍പ്പനയും പ്രോത്സാഹിപ്പിക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്. തദ്ദേശ  ഭരണ സ്ഥാപനങ്ങളുടെ ജനപ്രതിനിധികള്‍ക്ക് ടൂറിസം വികസനത്തിന് സബ്പ്ലാന്‍ തയ്യാറാക്കുന്നതിന്  കേന്ദ്രീകൃതമായ പരിശീലനം നല്‍കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു. യോഗത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ ഡോ. വി വേണുവും ശാരദാ മുരളീധരനും പങ്കെടുത്തു.  

 

date