Skip to main content

ക്ഷീര കര്‍ഷകര്‍ക്ക് പാലിന് ഒരു രൂപ അധികം നല്‍കും: മന്ത്രി ജെ ചിഞ്ചുറാണി

ക്ഷീര കര്‍ഷകര്‍ക്ക് ഒരു ലിറ്റര്‍ പാലിന് ഒരു രൂപ അധികം നല്‍കാന്‍ മില്‍മ ആലോചിക്കുന്നതായി മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. കോവിഡുമായി ബന്ധപ്പെട്ട് ഒട്ടേറെ ആനുകൂല്യങ്ങള്‍ ക്ഷീര വകുപ്പും മില്‍മയും കര്‍ഷകര്‍ക്ക് നല്‍കിയിട്ടുണ്ട്. കര്‍ഷകരുടെ വിവിധങ്ങളായ പ്രശ്‌നങ്ങള്‍ക്ക് മില്‍മയുമായി ചേര്‍ന്ന് പരിഹാരം ഉണ്ടാക്കുവാന്‍ കഴിഞ്ഞിട്ടുമുണ്ട്. മലയിന്‍കീഴ്, മണപ്പുറം ക്ഷീരോല്‍പ്പാദക സംഘത്തിനായി നിര്‍മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

 

ക്ഷീരകര്‍ഷകരെ സഹായിക്കുവാനും പാല്‍ ഉല്പാദനം വര്‍ധിപ്പിക്കുവാനുമുള്ള പ്രവര്‍ത്തനങ്ങളിലാണ് സര്‍ക്കാര്‍. ഒട്ടനവധി പദ്ധതികളും അതിനായി നടപ്പിലാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന പാലിന്റെ വലിയൊരു ശതമാനം വിറ്റുപോകുന്നത് വീടുകളില്‍ നടക്കുന്ന വില്‍പനയിലൂടെയും സഹകരണസംഘങ്ങളില്‍ നിന്ന് സാധാരണക്കാര്‍ നേരിട്ട് വാങ്ങുന്നതു വഴിയുമാണ്. ഈ രണ്ട് മാര്‍ഗ്ഗങ്ങളിയൂടെയും വാങ്ങുന്ന പാലിന്റെ അളവ് നോക്കിയാല്‍ മാത്രമേ സംസ്ഥാനത്ത് മൊത്തം ഉത്പാദിപ്പിക്കുന്ന പാലിന്റെ കണക്ക് ലഭ്യമാവൂ.  ഇതിനുളള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതു പൂര്‍ത്തിയായാല്‍ ക്ഷീര മേഖലയിലെ സ്വയംപര്യാപ്തത എന്ന വലിയ ലക്ഷ്യത്തിലേക്ക് നമുക്കു വേഗത്തില്‍ എത്താന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

 

ഐ ബി സതീഷ് എം എല്‍ എയുടെ പ്രാദേശിക വികസന ഫണ്ടും ക്ഷീര വികസന വകുപ്പിന്റെ പദ്ധതി വിഹിതവും ചേര്‍ത്ത് 17 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്.  ചടങ്ങില്‍ മുതിര്‍ന്ന ക്ഷീര കര്‍ഷകരെ മന്ത്രി ആദരിച്ചു.  

 

ഐ ബി സതീഷ് എം എല്‍ എ അദ്ധ്യക്ഷനായ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഡി സുരേഷ് കുമാര്‍, , നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എസ് കെ പ്രീജ, മലയിന്‍കീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ വത്സലകുമാരി, ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ മിനി രവീന്ദ്രദാസ്, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ് ജയകുമാര്‍, നേമം ക്ഷീകവികസന ഓഫീസര്‍ പി കെ ശ്രീലേഖ, മണപ്പുറം ക്ഷീരോല്‍പ്പാദക സഹകരണ സംഘം പ്രസിഡണ്ട് വി എസ് ശ്രീകാന്ത്,  ത്രിതല പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

 

date