Skip to main content

സഹകരണ സംഘം ജീവനക്കാർക്ക് 8.33 ശതമാനം ബോണസ്

ഓണത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ സഹകരണ സംഘങ്ങളിലെ ജീവനക്കാർക്ക് ബോണസ് പ്രഖ്യാപിച്ചു. ആകെ വാർഷിക വേതനത്തിന്റെ 8.33 ശതമാനം ബോണസാണ് സഹകരണ മന്ത്രി വി.എൻ. വാസവൻ പ്രഖ്യാപിച്ചത്. പരമാവധി 7000 രൂപയായിരിക്കും ബോണസ്. സഹകരണ സംഘങ്ങളുടെ ലാഭ നഷ്ടം നോക്കാതെ ജീവനക്കാർക്ക് ബോണസ് നൽകുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട്. കോവിഡ് പ്രതിസന്ധിക്കിടയിലും കേരളത്തിലെ സഹകരണ മേഖലയിലെ ഒരു ലക്ഷത്തിലധികം പേർക്ക് ബോണസ് ആനുകൂല്യം ലഭിക്കും. അപ്പക്സ് സഹകരണ സംഘങ്ങൾ മുതൽ പ്രാഥമിക സഹകരണ സംഘങ്ങളിൽ വരെ പ്രവർത്തിക്കുന്നവർക്ക് ബോണസ് ലഭിക്കും.
സഹകരണ സംഘങ്ങളിലെ റെഗുലർ ജീവനക്കാർ, ശമ്പള സ്‌കെയിൽ ഓപ്റ്റ് ചെയ്തിട്ടുള്ള പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർ, നീതി സ്റ്റോർ, നീതി മെഡിക്കൽ സ്റ്റോർ എന്നിവിടങ്ങളിലെ താൽക്കാലിക ജീവനക്കാർ, നിക്ഷേപ, വായ്പ കളക്ഷൻ ജീവനക്കാർ, കമ്മിഷൻ വ്യവസ്ഥയിൽ ജോലി ചെയ്യുന്ന അപ്രൈസർമാർ എന്നിവർക്ക് ബോണസ് ലഭിക്കും. എല്ലാ ജീവനക്കാർക്കും ഉത്സവകാലത്ത് ബോണസ് നൽകുന്നതിന് ആവശ്യമായ സർക്കുലർ പുറപ്പെടുവിച്ചതായും മന്ത്രി പറഞ്ഞു.
പി.എൻ.എക്സ്. 2786/2021

date