Skip to main content

ടൂറിസം വകുപ്പ് വെർച്വൽ ഓണാഘോഷം: ഉദ്ഘാടനം ഇന്ന് (ആഗസ്റ്റ് 14) മുഖ്യമന്ത്രി നിർവ്വഹിക്കും

വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന വെർച്വൽ ഓണാഘോഷ പരിപാടിക്ക് തുടക്കമാകുന്നു. ഇന്ന് (ആഗസ്റ്റ് 14) വൈകിട്ട് ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അദ്ധ്യക്ഷനാകും.
ലോകത്തെല്ലായിടത്തുമുള്ള മലയാളികളെയും പങ്കാളികളാക്കി വിശ്വമാനവികതയുടെ ലോക ഓണപ്പൂക്കളം എന്ന സന്ദേശത്തോടെ വിനോദ സഞ്ചാര വകുപ്പ് വെർച്വൽ ആയി നടത്തുന്ന ഓണപ്പൂക്കള മത്സരമാണ് ഇത്തവണ ശ്രദ്ധേയം.  കേരളത്തിനകത്തും പുറത്തുമുള്ള എല്ലാ മലയാളികളെയും ഒത്തൊരുമിച്ച് ഓണപ്പൂക്കളമത്സരത്തിൽ പങ്കാളികളാക്കുക എന്നതാണ് ടൂറിസം വകുപ്പിന്റെ ലക്ഷ്യം. വിവിധ വകുപ്പ് മന്ത്രിമാർ, സ്പീക്കർ, ജനപ്രതിനിധികൾ, സർക്കാർ ഓഫീസുകൾ, ജീവനക്കാർ തുടങ്ങിയവരും മത്സരത്തിൽ പങ്കെടുക്കും. പൂക്കളത്തിന്റെ ഫോട്ടോ കേരള വിനോദ സഞ്ചാര വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ ഓണാഘോഷവുമായി ബന്ധപ്പെട്ട പേജിൽ അപ്‌ലോഡ് ചെയ്തു മത്സരത്തിൽ പങ്കാളികളാകാം. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ വകുപ്പ് നൽകും.
പ്രാദേശിക കലാകാരൻമാർ അവതരിപ്പിക്കുന്ന തനത് കേരളീയ കലകൾ വീഡിയോകളായി കേരളത്തിലെ ദൃശ്യമാധ്യമങ്ങൾ വഴിയും വിനോദസഞ്ചാര വകുപ്പിന്റെ സമൂഹ്യമാധ്യമങ്ങൾ വഴിയും പ്രചരിപ്പിക്കുന്നതാണ് ഓണാഘോഷത്തിലെ ശ്രദ്ധേയമായ മറ്റൊരു പരിപാടി. കോവിഡ് പ്രതിസന്ധിയിൽപ്പെട്ട് തൊഴിലും വരുമാനവും നഷ്ടപ്പെട്ട കേരളത്തിലെമ്പാടുമുളള പരമാവധി കലാകാരൻമാർക്ക് ഈ പരിപാടി ആശ്വാസമാകും.
കോവിഡ് പ്രതിസന്ധിയെ അതിജീവിച്ച് തിരിച്ചുവരവിന്റെ പാതയിലുള്ള കേരള ടൂറിസത്തിന് വലിയ പ്രചാരണം നൽകുന്നതായിരിക്കും ഓണാഘോഷം. കേരളത്തിന്റെ കലാ-സാംസ്‌കാരിക രംഗവും ഉണർവ്വിന്റെ പാതയിലാകും. ലോക പൂക്കളം പരിപാടിയിലൂടെ മലയാളി പ്രവാസികളെ കേരള ടൂറിസത്തിന്റെ പ്രചാരകരാക്കുന്ന പ്രവർത്തനത്തിനും തുടക്കമാകും.
പൂക്കള മത്സരത്തിൻറെ രജിസ്‌ട്രേഷൻ ആരംഭിച്ചു. വിശദവിവരങ്ങൾക്ക് https://www.keralatourism.org/
പി.എൻ.എക്സ്. 2794/2021

date