Skip to main content

കേരളാ ഓട്ടോമൊബൈൽസിൽ വ്യവസായ മന്ത്രിയുടെ സന്ദർശനം

* ഇ-ഓട്ടോ: ഉൽപാദനം വർധിപ്പിക്കാൻ കൂട്ടായ ശ്രമം വേണമെന്ന് പി.രാജീവ്
സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരളാ ഓട്ടോമൊബൈൽ ലിമിറ്റഡ് നിർമ്മിക്കുന്ന ഇ-ഓട്ടോ ഉൽപാദനം വർധിപ്പിക്കാനും വിപണി കണ്ടെത്താനും സർക്കാരും മാനേജ്മെന്റും തൊഴിലാളികളും കൂട്ടായി ശ്രമിക്കണമെന്ന് വ്യവസായ മന്ത്രി പി.രാജീവ്. കെ.എ.എൽ ആസ്ഥാനത്ത്  സന്ദർശനം നടത്തിയ ശേഷം തൊഴിലാളി യൂണിയൻ പ്രതിനിധികളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഇ-ഓട്ടോക്ക് ഉപഭോക്താക്കളിൽ നിന്നും മികച്ച പ്രതികരണമാണുള്ളത്. വാഹന വിൽപനക്കാരും മികച്ച അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. സന്ദർശനത്തിനിടെ ഏതാനും വിൽപനക്കാരുമായി മന്ത്രി ഫോണിൽ സംസാരിച്ചു. ഇ-ഓട്ടോക്ക് വിപണിയിലുള്ള നല്ല പ്രതികരണം ഉൽപാദനം വർധിപ്പിക്കാൻ സഹായിക്കും. കൂട്ടായ ശ്രമത്തിലൂടെ ഇതിന് കഴിയണമെന്ന് മന്ത്രി പറഞ്ഞു. പൊതുമേഖലയിലെ നവ സംരംഭം എന്ന നിലയിൽ ഇപ്പോഴുള്ള പോരായ്മകൾ നികത്തും. ഇതു സംബന്ധിച്ച വിശദമായ റിപ്പോർട്ട് തയ്യാറാക്കാൻ റിയാബിനെ ചുമതലപ്പെടുത്തി. പൊതുവെ നല്ല പ്രതികരണം ഉളവാക്കിയ ഇ-ഓട്ടോയെക്കുറിച്ച് തെറ്റായ പ്രചരണങ്ങൾ സംഘടിപ്പിക്കാൻ ചില കേന്ദ്രങ്ങളിൽ നിന്ന് നീക്കമുണ്ടെന്ന് സംശയിക്കുന്നതായി ചർച്ചകളിൽ അഭിപ്രായമുണ്ടായി. ഇ-ഓട്ടോ പ്‌ളാന്റും ഓഫീസും മന്ത്രി സന്ദർശിച്ചു. ഇ-ഓട്ടോയിൽ യാത്ര നടത്തുകയും ചെയ്തു.
പി.എൻ.എക്സ്. 2798/2021

date