Skip to main content

കടമക്കുടിയിൽ ടൂറിസത്തിന്റെ അനന്തസാധ്യതയെ പരമാവധി പ്രയോജനപ്പെടുത്തും : മന്ത്രി മുഹമ്മദ് റിയാസ് 

 

 

എറണാകുളം: കടമക്കുടിയിൽ ടൂറിസത്തിന്റെ അനന്തസാധ്യതയെ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് പൊതുമരാമത്ത് - ടൂറിസം മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് . 

 സംസ്ഥാനത്തെ റോഡുകളുടെ ഗുണനിലവാരം ഉയർത്തുന്നതിന് ഭാഗമായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ബി എം ആൻഡ് ബി സി നിലവാരത്തിൽ സൗന്ദര്യവത്കരിച്ച് നവീകരിച്ച വരാപ്പുഴ - കടമക്കുടി റോഡിന്റെ ഉദ്ഘാടനം  നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ടൂറിസം കേന്ദ്രങ്ങൾക്ക് കണക്ടിവിറ്റി റോഡുകൾ അത്യന്താപേക്ഷികമാണ്. നവീകരിച്ച റോഡ് ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുകയും മത്സ്യകൃഷിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. പുതിയ കാലം പുതിയ നിർമ്മാണം എന്ന ആശയം മുൻ നിർത്തിയാണ് എല്ലാ പദ്ധതി പ്രവർത്തനങ്ങളും നടത്തുന്നത്. സഞ്ചാരികളുടെ ആകർഷണ കേന്ദ്രമായ കടമക്കുടിയുടെ അടിസ്ഥാന സൗകര്യ വികസനം സർക്കാർ പരിഗണനയിലുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

 

വരാപ്പുഴ മാർക്കറ്റ് മുതൽ കടമക്കുടി ഐലന്റ് റോഡിലെ ഞാറയ്ക്കൽ നിരത്ത് വിഭാഗത്തിന്റെ കീഴിൽ വരുന്ന രണ്ട് കിലോമീറ്റർ റോഡാണ് നവീകരിച്ചത്. കാലപ്പഴക്കം വന്ന ഒരു കൽവർട്ടിന്റെ നിർമ്മാണവും റോഡ് സംരക്ഷണ ഭിത്തിയും നിർമ്മാണവും ടൂറിസം സാധ്യതകൾ പരിഗണിച്ച് 500 മീറ്റർ നീളത്തിൽ നടപ്പാതയും കാർ പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. 3 കോടി രൂപ ചെലവിലാണ് റോഡ് നവീകരണം പൂർത്തിയാക്കിയത്. 

 

കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എംപി, മുൻ എംഎൽഎ എസ് ശർമ്മ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ മാനുവൽ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസെന്റ്, ജില്ലാ പഞ്ചായത്ത് അംഗം എൽസി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ പി മനുശങ്കർ, ഗ്രാമ പഞ്ചായത്ത് അംഗം വി എ ബെഞ്ചമിൻ, പൊതുമരാമത്ത് നിരത്ത് എക്‌സിക്യൂട്ടീവ് എൻജിനീയർ സി എം സ്വപ്‌ന, സൂപ്രണ്ടിംഗ് എൻജിനീയർ കെ ടി ബിന്ദു, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ  എം ജി അജിത്കുമാർ എന്നിവർ പങ്കെടുത്തു.

 

date