വൈപ്പിൻ നിയോജക മണ്ഡലത്തിന്റെ ടൂറിസം വികസനത്തിന് മാസ്റ്റർ പ്ലാൻ തയാറാക്കും : മന്ത്രി മുഹമ്മദ് റിയാസ്
എറണാകുളം : വൈപ്പിൻ നിയോജക മണ്ഡലത്തിന്റെ ടൂറിസം വികസനത്തിന് മാസ്റ്റർ പ്ലാൻ തയാറാക്കുമെന്ന് പൊതുമരാമത്ത് - ടൂറിസം മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് . വൈപ്പിൻ നിയോജകമണ്ഡലത്തിലെ ടൂറിസം പദ്ധതികൾ സംബന്ധിച്ച് ടൂറിസം മേഖലയിലുള്ളവരുമായി നടത്തിയ മുഖാമുഖം പരിപാടിയിൽ സംസാരിക്കുയായിരുന്നു മന്ത്രി.
കോവിഡ് മഹാമാരി മൂലം ഏറ്റവും പ്രയാസം അനുഭവിച്ച മേഖലയാണ് ടൂറിസം. ആഭ്യന്തര ടൂറിസം സാധ്യത മുന്നിൽ കണ്ട് മുന്നോട്ട് പോകണം. അൺ എക്സ്പ്ലോർഡ് ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കും. നാടിന്റെ ചരിത്രം, സംസ്കാരം, ജനങ്ങളുടെ പ്രത്യേകതകൾ ടൂറിസം കേന്ദ്രങ്ങളുടെ സാധ്യത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വർദ്ധിപ്പിക്കും. ഈ വിവരങ്ങൾ ലഭ്യമാക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ ഈ വർഷം തന്നെ പുറത്തിറക്കും. പ്രകൃതി രമണീയവും ചരിത്ര പ്രാധാന്യവുമുള്ള മണ്ഡലമാണ് വൈപ്പിൻ. റിസോർട്ട്, മുസിരീസ്, അഡ്‌വെഞ്ചർ സ്പോർട്ട്സ്, ഡിറ്റിപിസി തുടങ്ങിയവയുടെ വൈവിധ്യമാർന്ന സാധ്യതകളെ കോർത്തിണക്കി മാസ്റ്റർ പ്ലാൻ തയാറാക്കും. ഇതിനായി സെപ്റ്റംബറിൽ ഉന്നതതല യോഗം ചേരും. മുസിരീസ് മുന്നോട്ട് വെച്ച 25 പേർക്ക് സഞ്ചരിക്കാവുന്ന സോളാർ ബോട്ടിന്റെ സാധ്യത സിയാലുമായി ചർച്ച നടത്തും. അഡ്വെഞ്ചർ ടൂറിസത്തിന് എല്ലാ സാധ്യതയുള്ള ഒരു സ്ഥലം കൂടെയാണ് വൈപ്പിൻ . ഒളിമ്പ്യൻ പി.ആർ ശ്രീജേഷ് അഡ്വെഞ്ചർ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡർ ആകുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ മറ്റ് വകുപ്പുകളുമായി ചേർന്ന് പുതിയ ടൂറിസം സെന്ററുകൾ കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു.
ബീച്ച്, കായൽ തുടങ്ങിയ മേഖലയിൽ നിരവധി ടൂറിസം സാധ്യതയാണ് വൈപ്പിനിലുള്ളത്. അതിനായി പശ്ചാത്തല വികസനം ആവശ്യമാണ്. കോൺവന്റ് ബീച്ച് പാലം ടൂറിസം സാധ്യത വർദ്ധിപ്പിക്കുമെന്ന് പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ച കെ.എൻ. ഉണ്ണികൃഷ്ണൻ എം എൽ എ പറഞ്ഞു.
ചെറായി ടൂറിസം ബീച്ച് ഹോട്ടൽ ആൻഡ് റിസോർട്ട് ഡെവലപ്മെന്റ് ഫോറത്തിന്റെ വെബ് സൈറ്റ് cherai tourism.org ന്റെ ലോഞ്ചിങ് മന്ത്രി മുഹമ്മദ് റിയാസ് നിർവ്വഹിച്ചു.
സഹോദരൻ അയ്യപ്പൻ സ്മാരക മന്ദിരത്തിൽ നടന്ന പരിപാടിയിൽ മുൻ എംഎൽഎ എസ്. ശർമ, പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ , വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, ബീച്ച് ഉൾപ്പെടെ റിസോർട്ട്, ഹോട്ടൽ- റെസ്റ്റോറന്റ് വ്യവസായ പ്രതിനിധികൾ മുസിരിസ് മാനേജിംഗ് ഡയറക്ടർ പി.എം നൗഷാദ്, കൊച്ചി ബിനാലെ കോ - ഓർഡിനേറ്റർ ബോണി തോമസ്, അഡ്‌വെഞ്ചർ സ്പോർട്ട്സ് പ്രതിനിധി മെഷ് മനോഹർ,
ടൂറിസം രംഗത്തെ വിദഗ്‌ധർ ജനപ്രതിനിധികൾ, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ടി.ജി. അഭിലാഷ് , ഡിറ്റിപിസി സെക്രട്ടറി വിജയകുമാർ തുടങ്ങിയവരും മന്ത്രിയുമായുള്ള ആശയവിനിമയത്തിൽ പങ്കാളികളായി .
- Log in to post comments