Skip to main content

ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ രജതജൂബിലി ആഘോഷം: തിരൂര്‍ ബ്ലോക്ക് സംഘാടക സമിതി രൂപീകരിച്ചു

 

ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ ഒരു വര്‍ഷം നീളുന്ന രജതജൂബിലി ആഘോഷ പരിപാടികളോടനുബന്ധിച്ച് തിരൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ 25 വര്‍ഷത്തെ മുഴുവന്‍ ജനപ്രതിനിധികളെയും ആദരിക്കുമെന്ന് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ധീന്‍ പറഞ്ഞു. ഓഗസ്റ്റ് 17ന് തിരുവനന്തപുരത്ത് പ്രത്യേകവേദിയില്‍ വൈകീട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത്. ഇതോടനുബന്ധിച്ചാണ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്. തിരൂര്‍ ബ്ലോക്കിന് കീഴില്‍ നടക്കുന്ന പരിപാടികളുടെ സംഘാടക സമിതി ചെയര്‍മാനായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു സൈനുദ്ധീന്‍, കണ്‍വീനറായി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം.ഹരിദാസന്‍ എന്നിവരെ തെരഞ്ഞെടുത്തു.
 

സംസ്ഥാനതല ഉദ്ഘാടനം എല്ലാ തദ്ദേശ സ്ഥാപനവും പ്രത്യേകവേദികളില്‍ ഓണ്‍ലൈനായി പ്രദര്‍ശിപ്പിക്കും. ജനകീയാസൂത്രണ കാലം മുതലുള്ള അധ്യക്ഷരെയും ജനപ്രതിനിധികളെയും ഉപഹാരം നല്‍കി ആദരിക്കുന്നതിനൊപ്പം ഓരോ തദ്ദേശ സ്ഥാപനവും പിന്നിട്ട ജനകീയാസൂത്രണ വഴികളെക്കുറിച്ച് വിശദമാക്കുന്ന റിപ്പോര്‍ട്ട് അവതരിപ്പിക്കും. രജത ജൂബിലി മിയോവാക്കി വനങ്ങളുടെ നിര്‍മാണവും പരിപാലനവും, ഓണ്‍ലൈന്‍ ദേശീയ സെമിനാര്‍, ജനകീയാസൂത്രണ കോണ്‍ഗ്രസ്, നിയമ സാക്ഷരത ഓണ്‍ലൈന്‍ പരിശീലനം, സ്ത്രീശാക്തീകരണം തുടങ്ങി വൈവിധ്യമാര്‍ന്ന പദ്ധതികളാണ് ഒരു വര്‍ഷം നീളുന്ന ആഘോഷ പരിപാടികളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

date