Skip to main content

സ്വാതന്ത്ര്യാദിനാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പുരോഗമിക്കുന്നു

സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ക്കായുള്ള ഒരുക്കങ്ങള്‍ ജില്ലാ ആസ്ഥാനത്ത് പുരോഗമിക്കുന്നു. സ്വാതന്ത്ര്യദിന ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ എം.ഡി.എം എന്‍.എം മെഹറലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിലയിരുത്തി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നാളെ (ഓഗസ്റ്റ് 15) സിവില്‍ സ്റ്റേഷനിലെ യുദ്ധ സ്മാരകത്തില്‍ പുഷ്പ ചക്രം അര്‍പ്പിച്ച ശേഷമാണ് പരിപാടികള്‍ക്ക് തുടക്കമാകുക. തുടര്‍ന്ന് മലപ്പുറം എം.എസ്.പി മൈതാനിയില്‍ നടക്കുന്ന പരിപാടിയില്‍ രാവിലെ ഒന്‍പതിന് ജില്ലാ ചുമതലയുള്ള കായികവകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. കോവിഡ് മുന്നണി പോരാളികള്‍ എന്ന നിലയില്‍ ക്ഷണിച്ച മൂന്ന് ഡോക്ടര്‍മാര്‍, രണ്ട് നഴ്‌സുമാര്‍, രണ്ട് പാരാമെഡിക്കല്‍ ജീവനക്കാര്‍, മൂന്ന് ശുചീകരണത്തൊഴിലാളികള്‍ എന്നിവര്‍ ചടങ്ങിള്‍ പങ്കെടുക്കും. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രവേശനം ഉണ്ടാകില്ല. പ്രത്യേക ക്ഷണിതാക്കളും ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 100 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം.
എം.എസ്.പി കണ്ടിന്‍ജന്റ്, വനിതാപൊലീസ് കണ്ടിന്‍ജന്റ്, ലോക്കല്‍ പൊലീസ് എ.ആര്‍ വിഭാഗം ഉള്‍പ്പെടുന്ന ഒരു കണ്ടിന്‍ജന്റ്, എക്‌സൈസ് വിഭാഗം, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ എന്നിങ്ങനെ അഞ്ച് കണ്ടിന്‍ജന്റുകള്‍ പങ്കെടുക്കും. എന്‍.സി.സി, എസ്.പി.സി, സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്‌സ്, എന്‍.സി.സി, ജൂനിയര്‍ ഡിവിഷന്‍ പ്ലാറ്റൂണുകള്‍ ഉണ്ടാകില്ല. ഇത്തവണ മാര്‍ച്ച് പാസ്റ്റ് ഒഴിവാക്കിയിട്ടുണ്ട്. സാനിറ്റൈസര്‍, മാസ്‌ക്, തെര്‍മല്‍ സ്‌കാനര്‍, ആന്റിജന്‍ പരിശോധനാ സംവിധാനം എന്നിവയും ആംബുലന്‍സ് ഉള്‍പ്പെടെ മെഡിക്കല്‍ സംഘത്തെയും സജ്ജമാക്കിയിട്ടുണ്ട്. ആഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ ദേശഭക്തിഗാനാലാപനവും സേനാ വിഭാഗങ്ങളുടെ മെഡലുകളുടെ വിതരണവും ഉണ്ടാകില്ല. സാംസ്‌കാരിക പരിപാടികള്‍ ഉണ്ടാകില്ല. പരേഡ് വീക്ഷിക്കാന്‍ ക്ഷണം ലഭിച്ച എല്ലാവരും തെര്‍മല്‍ സ്‌കാനിങിന് വിധേയമാകുന്നതിനൊപ്പം മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കണം.

 

date