Skip to main content

മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ സിറ്റിങ് നടത്തി

ജില്ലയിലെ മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ സിറ്റിങ് കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി.എസ്. ഗോപിനാഥന്റെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന നടത്തി. 26 അപേക്ഷകളാണ് സിറ്റിങില്‍ പരിഗണിച്ചത്. പരപ്പനങ്ങാടി സര്‍വീസ് സഹകരണ ബാങ്ക്, മത്സ്യഫെഡ് ജില്ലാ ഓഫീസ്, അരയന്‍ കടപ്പുറം മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം, പരപ്പനങ്ങാടി മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് സഹകരണ സംഘം എന്നിവിടങ്ങളില്‍ നിന്നും മത്സ്യത്തൊഴിലാളികള്‍ എടുത്ത ആറ് വായ്പകള്‍ക്ക് 2,74,934 രൂപ കടാശ്വാസമായി അനുവദിക്കാന്‍ സിറ്റിങില്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തു.
 

മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ താനൂര്‍ ശാഖയില്‍ നിന്നും എടുത്ത വായ്പയില്‍ കടാശ്വാസമായി ലഭിച്ച തുകക്ക് പുറമെ മത്സ്യത്തൊഴിലാളി തിരിച്ചടക്കാനുള്ള 59,837 രൂപ സൗകര്യപ്രദമായി തിരിച്ചടക്കുന്നതിന് മത്സ്യത്തൊഴിലാളിയുമായി ധാരണയിലെത്താന്‍ ബാങ്കിനോട് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. പുതിയ കടപ്പുറം മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തില്‍ നിന്നും എടുത്ത 2,50,951 രൂപയുടെ വായ്പ കാലഹരണപ്പെട്ടതായതിനാല്‍ തീര്‍പ്പാക്കാന്‍ നിര്‍ദേശിക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നുവെങ്കിലും മറുപടി ലഭിക്കാത്ത സാഹചര്യത്തില്‍ വായ്പ അവസാനിപ്പിക്കാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു.
അരിയല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും മൂന്ന് ലക്ഷം രൂപയുടെ വായ്പയെടുത്ത 14 അംഗ സംഘത്തിന് ലഭിച്ച 75,000 രൂപയുടെ കടാശ്വാസത്തിന് പുറമെ ലഭിച്ച കടാശ്വാസ തുക ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവ് പ്രകാരം തിരിച്ചടച്ചതാണെന്നും ബാക്കി അംഗങ്ങള്‍ക്കും കടാശ്വാസ തുക അനുവദിക്കണമെന്ന ബാങ്ക് സെക്രട്ടറിയുടെ ആവശ്യത്തിന്മേല്‍ ഇപ്രകാരം തിരിച്ചടക്കാന്‍ നിര്‍ദ്ദേശിച്ച ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവ് ഹാജരാക്കാന്‍ ബാങ്കിനോട് കമ്മീഷന്‍ നിര്‍ദേശിച്ചു. കൂടാതെ എല്ലാ അംഗങ്ങള്‍ക്കും ഒന്നാം ഘട്ട പട്ടികയില്‍ ശുപാര്‍ശ ചെയ്ത കടാശ്വാസം ലഭിക്കുന്നതിന് ജോയിന്റ് രജിസ്ട്രാറുടെ ഓഫീസുമായി ബന്ധപ്പെടാനും ബാങ്കിനോട് നിര്‍ദേശിച്ചു.

 

മത്സ്യഫെഡ് മലപ്പുറം ജില്ലാ ഓഫീസില്‍ നിന്നും എടുത്ത 50,000 രൂപയുടെ വായ്പ കടാശ്വാസ കമ്മീഷന് അയച്ച ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നതിനാല്‍ ബാക്കി തിരിച്ചടവ് സ്വീകരിക്കാന്‍ പറ്റില്ലെന്ന മത്സ്യഫെഡ് നിലപാടില്‍ എട്ട് വര്‍ഷത്തിലധികമായി ഈടാധാരം തിരികെ ലഭിക്കുന്നില്ലെന്ന പരാതിയില്‍ മത്സ്യഫെഡ് ജില്ലാ മാനേജരോട് വിശദീകരണം ആവശ്യപ്പെട്ടു. അപേക്ഷകന് കടാശ്വാസം അനുവദനീയമായ നിലക്ക് ഈടാധാരം തിരികെ നല്‍കാനുള്ള കമ്മീഷന്‍ നിര്‍ദേശം ഉത്തരവ് നടപ്പാക്കാത്തതിലാണ് വിശദീകരണം ആവശ്യപ്പെട്ടത്.  സിറ്റിങില്‍ കമ്മീഷന്‍ അംഗം കൂട്ടായി ബഷീര്‍, വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നുള്ള ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
 

date