Skip to main content

ആറാട്ടുപുഴ വേലായുധ പണിക്കരുടെ പേരിൽ ചരിത്ര സാംസ്‌കാരിക പഠനകേന്ദ്രം നിർമ്മിക്കും: മന്ത്രി സജി ചെറിയാൻ

 

ആലപ്പുഴ: കേരളത്തിലെ സാമൂഹ്യ പരിഷ്‌കർത്താക്കളിൽ അഗ്രഗണ്യനായ ആറാട്ടുപുഴ വേലായുധ പണിക്കരുടെ സ്മരണ നിലനിർത്തുന്നതിനും  തലമുറകളിലേക്ക് അദ്ദേഹം നടത്തിയിട്ടുള്ള പോരാട്ടങ്ങൾ പകർന്നു നൽകുന്നതിനുമായി  ആറാട്ടുപുഴയിൽ അദ്ദേഹത്തിന്റെ പേരിൽ ചരിത്ര സാംസ്‌കാരിക പഠന കേന്ദ്രം നിർമ്മിക്കുമെന്ന് സംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി നടന്ന ആറാട്ടുപുഴ വേലായുധ പണിക്കർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറാട്ടുപുഴ വേലായുധ പണിക്കരുടെ സ്മരണ നിലനിർത്തുന്നതിനായി 2019-20ലെ ബജറ്റിൽ ഒരു കോടി രൂപ ആദ്യ പിണറായി സർക്കാർ നീക്കി വച്ചിരുന്നു. അദ്ദേഹത്തിന്റെ വീട് സംരക്ഷിച്ച് സംസ്‌കാരിക ചരിത്ര  പഠനകേന്ദ്രമാക്കും.

ആറാട്ടുപുഴ വേലായുധ പണിക്കരും അദ്ദേഹം ഒന്നര നൂറ്റാണ്ട് മുമ്പ് നടത്തിയിട്ടുള്ള നവോത്ഥാന പോരാട്ടങ്ങളും ജനങ്ങളിലേക്ക് കൂടുതലായി എത്തേണ്ടതുണ്ട്. അവർണ ജനതയുടെ അവകാശങ്ങൾക്കുവേണ്ടി 1860ൽ നടത്തിയ മൂക്കൂത്തി സമരവും 1866ൽ നടന്ന ആദ്യ കർഷക സമരമെന്ന് അറിയപ്പെടുന്ന അച്ചിപ്പുടവ സമരവും നവോത്ഥാന ചരിത്രത്തിന്റെ ആരംഭമായിരുന്നു. മനുഷ്യന് മാന്യമായി ജീവിക്കാനുള്ള അവകാശ സംരക്ഷണ പോരാട്ടങ്ങളാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. ശ്രീ നാരായണഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തുന്നതിന് മൂന്നു പതിറ്റാണ്ട് മുമ്പ് മംഗലത്ത് അവർണർക്ക് വേണ്ടി ജ്ഞാനേശ്വരം ക്ഷേത്രം സ്ഥാപിച്ചു. സവർണ മേധാവിത്വത്തിനെതിരായ ശക്തമായ ചെറുത്തുനിൽപ്പാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. അദ്ദേഹം നടത്തിയിട്ടുള്ള പോരാട്ടങ്ങൾ ചരിത്രത്തിൽ വേണ്ട വിധത്തിൽ പ്രാധാന്യത്തോടെ  ഉയർത്തിക്കാട്ടിയിട്ടില്ല. മനുഷ്യനെ മൃഗങ്ങളെപ്പോലെ പരിഗണിച്ചിരുന്ന കാലത്ത് മനുഷ്യാവകാശത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രാധാന്യം സമൂഹത്തിലേക്കെത്തിക്കാനും പുരോഗമന പാതയിലേക്ക് നാടിനെ നയിക്കാനുമുള്ള ഇടപെടലുകളായിരുന്നു ആറാട്ടുപുഴ വേലായുധ പണിക്കരുടേതെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പിന്നിടുമ്പോൾ കേരള നവോത്ഥാനത്തിനും മനുഷ്യാവകാശങ്ങൾക്കും മുന്നണിയിലുണ്ടായിരുന്ന പോരാളികളെ അനുസ്മരിക്കേണ്ടത് നാടിന്റെ ചുമതലയാണ്. ആലപ്പുഴയും സമീപ പ്രദേശങ്ങളും നിർണായക സമരങ്ങൾക്ക് വേദിയായിട്ടുണ്ട്. സുപ്രധാനമായ പങ്ക് വഹിച്ചിട്ടും ചരിത്രത്തിന്റെ ഏടുകളിൽ വേണ്ടത്ര പ്രാധാന്യം ലഭിക്കാതെ പോയ ഒട്ടേറെപ്പേരുണ്ട്. കേരള സർക്കാരും സാംസ്‌കാരിക വകുപ്പും വിവര-പൊതുജന സമ്പർക്ക വകുപ്പും മറ്റുവകുപ്പുകളും ചേർന്ന്  സംസ്ഥാനമൊട്ടാകെ 75 ആഴ്ചകൾ നീളുന്ന പരിപാടികളിലൂടെ  സ്വാതന്ത്ര്യ ചരിത്രത്തിൽ അടയാളപ്പെടുത്താത്ത സമരങ്ങളും പോരാട്ടങ്ങളും സ്വാതന്ത്ര്യ സമരപോരാട്ടങ്ങൾക്കൊപ്പം തന്നെ സ്മരിക്കപ്പെടുന്നതിനുള്ള പരിപാടികളാണ് സർക്കാർ തയ്യാറാക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി സജി ചെറിയാൻ ആറാട്ടുപുഴ വേലായുധ പണിക്കരുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. വേലായുധ പണിക്കരുടെ വീടും മന്ത്രി സന്ദർശിച്ചു.
രമേശ് ചെന്നിത്തല എം.എൽ.എ. അധ്യക്ഷത വഹിച്ചു. കേരളത്തിന്റെ സാമൂഹിക മാറ്റത്തിന് വേണ്ടി പടപൊരുതിയ ഉജ്ജ്വലനായ പോരാളിയാണ് ആറാട്ടുപുഴ വേലായുധ പണിക്കരെന്ന് അദ്ദേഹം  പറഞ്ഞു. സാമൂഹിക അനാചാരങ്ങൾക്കെതിരെ പോരാടിയ സ്വാതന്ത്ര ചിന്തയിലൂടെ അടിമത്വത്തിന്റെ ചങ്ങല പൊട്ടിച്ച വേലായുധ പണിക്കരുടെ  വീട് ഏറ്റെടുക്കണമെന്നും അദ്ദേഹത്തിന്റെ പേരിൽ സാംസ്‌കാരിക കേന്ദ്രം വരണമെന്നും അദ്ദേഹം പറഞ്ഞു. വിവരാവകാശ കമ്മീഷണർ കെ.വി. സുധാകരൻ വിഷയാവതരണം നടത്തി. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി. അംബുജാക്ഷി, ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. സജീവൻ, ജില്ലാ പഞ്ചായത്തംഗം ജോൺ തോമസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എസ്. അജിത,  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ മൻസൂർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എൽ. മൻസൂർ, പ്രസീദ സുധീർ, ഐ. ആൻറ് പി.ആർ.ഡി  മേഖല ഉപഡയറക്ടർ ചന്ദ്രഹാസൻ വടുതല, വിദ്യാഭ്യാസ ഉപഡയറക്ടർ  കെ.വി. ഷൈല, ആറാട്ടുപുഴ വേലായുധ പണിക്കർ സ്മാരക സമിതി പ്രസിഡന്റ്  കെ. രാമചന്ദ്രൻ, ജില്ല ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ,  ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി റ്റി. തിലകരാജ്, കുമാരനാശാൻ സ്മാരക സമിതി സെക്രട്ടറി പ്രൊഫ. കെ. ഖാൻ,  കുടുംബശ്രീ ജില്ല മിഷൻ കോ-ഓർഡിനേറ്റർ ജെ. പ്രശാന്ത് ബാബു,  സാക്ഷരത മിഷൻ  ജില്ല കോ-ഓർഡിനേറ്റർ കെ.വി. രതീഷ്, ഇടയ്ക്കാട് ജ്ഞാനേശ്വര ക്ഷേത്ര യോഗം പ്രസിഡന്റ്  ബി. വിബിൻ, എം. ആനന്ദൻ, കെ. അനിലാൽ, ഡി. കാശിനാഥൻ, കുഞ്ചൻ നമ്പ്യാർ സ്മാരക സെക്രട്ടറി കെ.വി. വിപിൻ ദാസ്  എന്നിവർ പങ്കെടുത്തു.

date