Skip to main content

നാടിന്റെ വികസനത്തിൽ ജനങ്ങൾക്ക് പങ്കുണ്ടെന്ന്  കാട്ടിക്കൊടുത്തത് ജനകീയാസൂത്രണം: മന്ത്രി പി പ്രസാദ്

 

ആലപ്പുഴ: നാടിന്റെ വികസന പ്രവർത്തനത്തിൽ ജനങ്ങൾക്ക് പങ്കുണ്ടെന്ന് കാട്ടിക്കൊടുത്തത് കേരളം നടപ്പാക്കിയ ജനകീയാസൂത്രണ പദ്ധതിയിലൂടെയാണെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. 
കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിലെ ജനകീയാസൂത്രണ രജതജൂബിലി ആഘോഷവും ഓണച്ചന്തയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.  

ജനകീയാസൂത്രണം തെളിച്ച വഴികളിലൂടെയാണ് നാം ഇന്നു നടക്കുന്നത്. കേരളം ഇന്ത്യയ്ക്ക് വഴികാട്ടി കൊടുത്ത ഫലപ്രദമായ പദ്ധതിയാണിത്. പ്രാദേശികമായ പ്രശ്നങ്ങൾ പോലും അഭിമുഖീകരിക്കേണ്ടി വരുമ്പോൾ ഉണ്ടാകുന്ന ഇടപെടലുകളാണ് രാജ്യത്തിനും ലോകത്തിനും മാതൃകയാവുന്നതെന്നും മന്ത്രി പറഞ്ഞു.

ജനകീയ ഇടപെടലുകളിലൂടെ പ്രാദേശിക വികസനം മുന്നിൽക്കണ്ടു മുന്നേറേണ്ടത് അനിവാര്യമാണ്. കാർഷികം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിലെല്ലാം ഇടപെടലുകൾ തീർത്ത വിജയ ചരിത്രം കഞ്ഞിക്കുഴിയിൽ ഏറെയുണ്ടെന്നും മന്ത്രി പറഞ്ഞു. 

കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന 'മാതൃക ഉള്ളി കൃഷി' പദ്ധതിയും മന്ത്രി പ്രഖ്യാപിച്ചു. ബ്ലോക്ക് പരിധിയിലെ തണ്ണീർമുക്കം, മാരാരിക്കുളം വടക്ക്, ചേർത്തല തെക്ക്, കടക്കരപ്പള്ളി, കഞ്ഞിക്കുഴി പഞ്ചായത്തുകളിലാണീ പദ്ധതി നടപ്പാക്കുന്നത്. ഓരോ പഞ്ചായത്തിലും ഒരു കാർഷിക സംഘത്തെ തിരഞ്ഞെടുത്താണ് നടപ്പാക്കുക.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ജി. മോഹനൻ അധ്യക്ഷത വഹിച്ചു. 'ജനകീയാസൂത്രണം- പിന്നിട്ട വഴികൾ' എന്ന വിഷയത്തിൽ മുൻ ഫസ്റ്റ് ക്ലാസ് മുനിസിഫ് മജിസ്ട്രേറ്റ് എൻ.കെ. പ്രകാശൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജി അനിൽകുമാർ, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.ഡി. ഷിമ്മി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചേയർപേഴ്സൺ അനിതാ തിലകൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുധ സുരേഷ്, മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സുദർശന ഭായി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.എ. തോമസ് തുടങ്ങിയവർ പങ്കെടുത്തു.

date