Skip to main content

കാർഷിക മേഖലയ്ക്ക് കരുത്തേകി അമ്പലപ്പുഴ വടക്ക് പഞ്ചായത്ത്

 

ആലപ്പുഴ: കാർഷിക മേഖലയ്ക്ക് കരുത്തേകി അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത്. ഇതിന്റെ ഭാഗമായി വിവിധ വാർഡുകളിൽ തരിശ് കിടന്ന പുരയിടങ്ങൾ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി കൃഷിയോഗ്യമാക്കി. കുടുംബശ്രീ, പുരുഷ അയൽക്കൂട്ടങ്ങൾ, സന്നദ്ധ സംഘടനകൾ എല്ലാവരും കൃഷിയുടെ ഭാഗമാകുന്നുണ്ട്.

തേങ്ങ്, പച്ചക്കറി, ഇടവിള കൃഷികളാണിവിടെ ചെയ്യുന്നത്. വാഴ, പഴവർഗങ്ങൾ, കിഴങ്ങ് വർഗങ്ങൾ തുടങ്ങി വിവിധ ഇനം കൃഷികളും ചെയ്യുന്നുണ്ട്. പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷിക്കാവശ്യമായ വളങ്ങൾ, നല്ലയിനം വിത്തുകൾ, പച്ചക്കറി- ഫലവർഗ തൈകൾ, ജലസേചനത്തിനായി മോട്ടോറുകൾ തുടങ്ങിയ സേവനങ്ങളും കർഷകർക്കായി നൽകുന്നുണ്ട്. ഓണത്തിന് ഒരു മുറം പച്ചക്കറിയുടെ ഭാഗമായി എല്ലാ വീടുകളിലും പച്ചക്കറി കൃഷിയും നടക്കുന്നുണ്ട്. കാലാവസ്ഥയെ അതിജീവിച്ച് ഉയരം കൂടിയ സ്ഥലത്ത് കാലാനുസൃതമായി കൃഷിചെയ്യാൻ കഴിയുന്ന പദ്ധതികൾ ഏറ്റെടുക്കുന്നതിന്റെ പ്രാരംഭഘട്ടത്തിലാണ് പഞ്ചായത്തെന്നു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ് പറഞ്ഞു. ഫിഷറീസ് വകുപ്പുമായി ചേർന്ന വീടുകളിലെ കുളങ്ങളിൽ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതിയും പഞ്ചായത്തിൽ നടത്തുന്നുണ്ട്. 

date