Skip to main content

നിലമ്പൂരിലെ ആദിവാസി കോളനികളില്‍ ദീര്‍ഘദൂര വൈഫൈ പദ്ധതിക്ക് തുടക്കം ചാലിയാര്‍ പാലക്കയം കോളനിയില്‍ പി.വി. അബ്ദുള്‍ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു

 

നിലമ്പൂരിലെ ആദിവാസി കോളനികളില്‍ ഓണ്‍ലൈന്‍ പഠനം, ടെലിമെഡിസിന്‍ എന്നിവ ഒരുക്കുന്നതിനായി ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍, നബാര്‍ഡിന്റെ സഹായത്തോടെ നടപ്പിലാക്കിയ ദീര്‍ഘദൂര വൈഫൈ പദ്ധതിക്ക് (ലോങ് ഡിസ്റ്റന്‍സ് വൈഫൈ പ്രൊജക്റ്റ്) തുടക്കമായി. ചാലിയാര്‍ പാലക്കയം കോളനിയില്‍ പദ്ധതി പി.വി. അബ്ദുള്‍ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു. വേഗതയേറിയതും, തടസമില്ലാത്തതുമായ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യവുമായി നടപ്പിലാക്കുന്ന പദ്ധതി ചാലിയാര്‍ ഗ്രാമപഞ്ചായത്തിലെ വനത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന പാലക്കയം, വെറ്റിലക്കൊല്ലി, അമ്പുമല കോളനികളിലാണ് ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കുന്നത്. കോളനിക്കാര്‍ക്കുള്ള ടെലിമെഡിസിന്‍ സേവനത്തിന് പുറമെ 145 വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനും പദ്ധതി പ്രയോജനം ചെയ്യും.
 

നിലമ്പൂര്‍ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ ഗവ. സ്‌കൂളില്‍ സ്ഥാപിച്ച സ്റ്റേഷനില്‍ നിന്നും അഞ്ച് ചെറിയ ടവറുകള്‍ സ്ഥാപിച്ച് 100 എം.ബി.പി.എസ് വേഗതയിലാണ് പാലക്കയം, വെറ്റിലക്കൊല്ലി, അമ്പുമല കോളനികളിലേക്ക് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുക. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കൈറ്റ് ലഭ്യമാക്കിയ ഇന്റര്‍നെറ്റ് കണക്ഷന് പുറമെ ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ നല്‍കുന്ന കണക്ഷനും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. വൈദ്യുതിയില്ലാത്തയിടങ്ങളില്‍ സോളാര്‍ സംവിധാനത്തിലാകും പ്രവര്‍ത്തിപ്പിക്കുക. ഇന്റര്‍നെറ്റ് സേവനം ലഭ്യമാകുന്നതോടെ കോളനിക്കാര്‍ക്ക് കാടിറങ്ങാതെ തന്നെ ടെലിമെഡിസിന്‍ സംവിധാനത്തിലൂടെ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാനാകും. ജില്ലാകലക്ടര്‍ ഉള്‍പ്പടെ ഉദ്യോഗസ്ഥരുമായി കോളനിക്കാര്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെ പരാതികള്‍ ബോധിപ്പിക്കാനും സംവിധാനമൊരുങ്ങും. ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ ടെക്നോളജി പാര്‍ട്ണര്‍ ഫോര്‍ എസ് വയനാടാണ് പദ്ധതിക്കാവശ്യമായ സാങ്കേതിക സഹായം ലഭ്യമാക്കിയത്. ബി.എസ്.എന്‍.എലിലെ ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സാങ്കേതിക സമിതി പദ്ധതി പരിശോധിച്ച് പ്രവര്‍ത്തനം വിലയിരുത്തി അംഗീകാരം നല്‍കിയിട്ടുണ്ട്.
 

ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് നിലമ്പൂരില്‍ കണക്ടിവിറ്റി ഇല്ലാത്ത മുഴുവന്‍ ആദിവാസി വിഭാഗങ്ങള്‍ക്കും ഇതിന്റെ പ്രയോജനം ലഭ്യമാക്കാനുള്ള പദ്ധതികളാണ് ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ തയ്യാറാക്കിയിട്ടുള്ളത്. നിലമ്പൂര്‍ ആസ്ഥാനമായി ഒരു ക്ലസ്റ്റര്‍ രൂപീകരിച്ച് ഓണ്‍ലൈന്‍ പഠനം, ടെലിമെഡിസിന്‍, കമ്മ്യൂണിറ്റി റേഡിയോ, ദുരന്തനിവാരണം, ആരോഗ്യ പരിപാലനം, ബോധവല്‍ക്കരണ പരിപാടികള്‍, വനസംരക്ഷണം, ഫിനാന്‍ഷ്യല്‍ ലിറ്ററസി, കൃഷി, മൃഗസംരക്ഷണം തുടങ്ങിയവയില്‍ പരിശീലനം, കൗണ്‍സിലിങ് പട്ടികവര്‍ഗ പദ്ധതികളുടെ മോണിറ്ററിങ്, വനവിഭവങ്ങളുടെ മാര്‍ക്കറ്റിങ് തുടങ്ങി വിവിധ സേവനങ്ങള്‍ ഇതുവഴി നല്‍കാനാണ് ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ ലക്ഷ്യമിടുന്നത്. വിവിധ ഘട്ടങ്ങളിലായി ഒരു വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തീകരിക്കും. ഗുണഭോക്താക്കളില്‍ നിന്ന് തന്നെ തെരഞ്ഞെടുക്കുന്ന കമ്മിറ്റി ഈ പദ്ധതിയുടെ സേവനം ഉറപ്പ് വരുത്തുകയും പട്ടിക വര്‍ഗവിഭാഗത്തില്‍ നിന്നുള്ള ഫെസിലിറ്റേറ്റര്‍ പദ്ധതികളെ ഏകോപിപ്പിക്കുകയും ചെയ്യും.
 

പി.വി. അബ്ദുള്‍ വഹാബ് എം.പി സന്‍സദ് ആദര്‍ശ് ഗ്രാമയോജന പദ്ധതിയില്‍ ദത്തെടുത്ത ചാലിയാര്‍ ഗ്രാമപഞ്ചായത്തിലെ 60 വിദ്യാര്‍ത്ഥികള്‍ക്കുള്ള ടാബുകളുടെ വിതരണം ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ നിര്‍വഹിച്ചു. പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്ന് ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ പരിപാടിയില്‍ ആദരിച്ചു. ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ ഡയറക്ടര്‍ വി. ഉമ്മര്‍കോയ അധ്യക്ഷനായി. നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ പി. ബാലചന്ദ്രന്‍ പരിപാടിയില്‍ മുഖ്യ സന്ദേശം നല്‍കി. കണ്ണൂര്‍ ഗവ. എഞ്ചിനീയറിങ് കോളജ് പ്രൊഫസര്‍ ഡോ. പി. സൂരജ് സാങ്കേതികവിദ്യ പരിചയപ്പെടുത്തി. നബാര്‍ഡ് ജില്ലാ വികസന മാനേജര്‍ എ. മുഹമ്മദ് റിയാസ്, നിലമ്പൂര്‍ തഹസില്‍ദാര്‍ രഘുനാഥ്, ചാലിയാര്‍ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അംഗം സുമയ്യ, വാര്‍ഡ് അംഗം ബീന ജോസഫ്,  ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date