Skip to main content

നാടൻ കാർഷിക ഉത്പന്നങ്ങൾക്ക് നഗരപ്രദേശങ്ങളിൽ വിപണി ഒരുക്കി കൃഷിവകുപ്പ് 

 

  എറണാകുളം: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി കൃഷിവകുപ്പ് നടപ്പിലാക്കുന്ന നഗരവഴിയോര കാർഷിക വിപണികൾ ശ്രദ്ധേയമാകുന്നു. വിഷരഹിതമായ നാടൻ കാർഷിക ഉത്പന്നങ്ങൾക്ക് നഗരപ്രദേശങ്ങളിൽ വിപണി ഒരുക്കുന്നതാണ് പദ്ധതി. പ്രാദേശിക കർഷകരിൽ നിന്നും കാർഷിക ഉത്പന്നങ്ങൾ ശേഖരിച്ച് നഗരപ്രദേശങ്ങളിൽ സജ്ജമാക്കുന്ന വഴിയോര വില്പന കേന്ദ്രങ്ങളിലൂടെ വിപണനം സാധ്യമാക്കുന്ന പദ്ധതി കർഷകർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ഗുണകരമാണ്. 

    ആദ്യഘട്ടത്തിൽ ജില്ലയിലെ വിവിധ മുൻസിപ്പാലിറ്റി പ്രദേശങ്ങളിൽ  10 വഴിയോര കാർഷിക വിപണികളാണ് വകുപ്പ് ലക്ഷ്യമിടുന്നത്. നിലവിൽ എട്ട് വിപണന കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചു. പ്രാദേശിക കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾക്ക് ന്യായമായ വില കിട്ടുന്നതിനും ഉപഭോക്താക്കൾക്ക് ഗുണനിലവാരമുള്ള പച്ചക്കറികൾ ലഭിക്കുന്നതിനുമുള്ള അവസരമാണ് വഴിയോര കാർഷിക വിപണികൾ ഒരുക്കുന്നത്. 

    ആഴ്ചയിൽ ഒരു ദിവസം എന്ന രീതിയിലാണ് ഈ വിപണി സർക്കാർ തലത്തിൽ വിഭാവനം ചെയ്തതെങ്കിലും  കൂത്താട്ടുകുളം  നഗരസഭാ പരിധിയിൽ പാമ്പാക്കുട ബ്ലോക്ക് മോഡൽ അഗ്രോ സർവീസ് സെന്റെറിന്റെ സഹകരണത്തോടെ ആരംഭിച്ച വഴിയോര വിപണി എല്ലാ ദിവസവും പ്രവർത്തിക്കുന്ന നിലയിലേക്ക് ഉയർന്നു. കാർഷകരുടെ ഉത്പന്നങ്ങൾക്ക് പുറമേ  ഹൈബ്രിഡ് പച്ചക്കറി തൈകൾ വിത്തുകൾ എന്നിവയും ഇവിടെ ലഭ്യമാണ്. വിപണിക്കായി പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് ലഭ്യമാക്കിയ ഭൂമിയിൽ ഹൈടെക് നഴ്സറിയും വൈകാതെ സജ്ജമാകും.

date