Skip to main content

-കണ്ണൂര്‍ അറിയിപ്പുകള്‍ -16-08-21

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ബാങ്ക് പരിശീലനം

സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് റസിഡന്‍ഷ്യല്‍ ബാങ്ക് പരീക്ഷാ പരിശീലനം നല്‍കുന്നു. ബിരുദ തലത്തില്‍ 60 ശതമാനം മാര്‍ക്കോടെ വിജയിച്ച മത്സ്യ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യ തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം. പരിശീലന ചെലവ് സര്‍ക്കാര്‍ വഹിക്കും.  അപേക്ഷാ ഫോറവും വിശദ വിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസുകളില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാഫോറം ആഗസ്ത് 24 ന് മുമ്പ് ജില്ലാ ഫിഷറീസ് ഓഫീസില്‍ നേരിട്ടോ ddfisherieskannur@gmail.com ലോ സമര്‍പ്പിക്കണം. ഒരു വിദ്യാര്‍ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അര്‍ഹതയുള്ളൂ. പരിശീലന സ്ഥാപനത്തില്‍ താമസിച്ചു പഠിക്കുവാന്‍ സദ്ധരായിരിക്കണം. ഫോണ്‍: 0497 2731081.

സ്വയം തൊഴില്‍ വായ്പ

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട യുവതികള്‍ക്കായി നടപ്പാക്കുന്ന ആദിവാസി  മഹിളാ സശാക്തീകരണ്‍ യോജന വഴി സ്വയം തൊഴില്‍ വായ്പാ അനുവദിക്കുന്നു. 18നും 55നും മധ്യേ പ്രായമുള്ള തൊഴില്‍ രഹിതരായ യുവതികള്‍ക്ക് അപേക്ഷിക്കാം. പരമാവധി രണ്ട് ലക്ഷം രൂപയാണ് വായ്പ തുക. കുടുംബ വാര്‍ഷിക വരുമാനം മൂന്ന്് ലക്ഷം രൂപയില്‍ കവിയരുത്. പലിശ നിരക്ക് നാല് ശതമാനം. വായ്പാ തുക 60 തുല്ല്യ മാസ ഗഡുക്കളായി (പിഴപ്പലിശയുണ്ടെങ്കില്‍ അതും സഹിതം) തിരിച്ചടക്കണം. വായ്പാ തുകക്ക് കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം. അപേക്ഷാ ഫോറം കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0497 2705036, 8921158858.    
                             
ഓണത്തിന് കൃഷി വകുപ്പിന്റെ 143 പച്ചക്കറി വിപണികള്‍; ചൊവ്വാഴ്ച തുടക്കം

ജില്ലയില്‍ ഓണം പച്ചക്കറി വിപണനത്തിന് 143 ചന്തകള്‍ ഒരുക്കി കൃഷി വകുപ്പ്. വിപണിയുടെ ജില്ലാതല ഉദ്ഘാടനം ചൊവ്വാഴ്ച (ആഗസ്ത് 17) ഉച്ചക്ക് ഒരു മണിക്ക് കലക്ടറേറ്റ് വളപ്പിലുള്ള സംഘമൈത്രി വിപണന ശാലയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വ്വഹിക്കും. വിപണികളില്‍ 30 എണ്ണം ഹോര്‍ട്ടി കോര്‍പ്പും, ആറെണ്ണം വി എഫ് പി സി കെയും, 107 എണ്ണം കൃഷിഭവനുകളുടെയും നേതൃത്വത്തിലാണ്. വിവിധ ഫാമുകള്‍, കൃഷി വകുപ്പിന്റെ ലാബുകള്‍, എഞ്ചിനീയറിംഗ് വിഭാഗം, ജില്ലാ ഓഫീസ് സ്റ്റാഫ് എന്നിവയുടെ നേതൃത്വത്തിലാണ് ചന്ത നടത്തുന്നത്. ജില്ലയിലെ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികള്‍, വട്ടവട കാന്തല്ലൂര്‍ പച്ചക്കറികള്‍, സംസ്ഥാനത്തിന് പുറത്തു നിന്ന് ഹോര്‍ട്ടി കോര്‍പ്പ് വഴി സംഭരിക്കുന്ന പച്ചക്കറികള്‍ എന്നിവയെല്ലാം വിപണിയില്‍ ലഭിക്കും. ജില്ലയിലെ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികള്‍ പൊതുവിപണിയിലെ സംഭരണ വിലയെക്കാള്‍ 10 ശതമാനം അധിക വില നല്‍കി സംഭരിക്കും. പൊതുവിപണിയിലെ വിലയെക്കാള്‍ 30 ശതമാനം വിലക്കുറവില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും. ആഗസ്ത് 17 ചൊവ്വാഴ്ച മുതല്‍ 20  വരെ ചന്ത പ്രവര്‍ത്തിക്കും.

വണ്‍ ടൈം രജിസ്‌ട്രേഷന്‍

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ വണ്‍ ടൈം രജിസ്‌ട്രേഷന്‍ നടത്തുന്നു. ആഗസ്ത് 18 ബുധന്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ ഇരിട്ടി ഫാല്‍ക്കണ്‍ പ്ലാസ ഓഡിറ്റോറിയത്തില്‍ നടക്കുന്ന രജിസ്‌ട്രേഷന് അമ്പത് വയസ്സിനു താഴെയുള്ളവര്‍ക്ക് പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ ഫീസ് 250 രൂപ. ഉദ്യോഗാര്‍ഥികള്‍  തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ്, ഇ മെയില്‍ ഐഡി, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം ഹാജരാകണം. ഫോണ്‍: 0497 2707610, 6282942068.

ബോണസ് തര്‍ക്കം പരിഹരിച്ചു

ജില്ലയിലെ പവര്‍ലൂം മേഖലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ 2020-21 വര്‍ഷത്തെ ബോണസ് തര്‍ക്കം പരിഹരിച്ചു. ഒന്നാം കാറ്റഗറി തൊഴിലാളികള്‍ക്ക് 18 ശതമാനവും  രണ്ടാം കാറ്റഗറി തൊഴിലാളികള്‍ക്ക് 15 ശതമാനവും ബോണസ് നല്‍കാന്‍ ജില്ലാ ലേബര്‍ ഓഫീസര്‍ എം മനോജിന്റെ സാന്നിധ്യത്തില്‍ നടന്ന
തൊഴിലാളി- തൊഴിലുടമ യോഗത്തില്‍ തീരുമാനമായി. തൊഴിലുടമകളെ പ്രതിനിധീകരിച്ച് എം പ്രഭാകരന്‍, ചന്ദ്രശേഖരന്‍, യൂണിയന്‍ പ്രതിനിധികളായ ടി ശങ്കരന്‍, മാവള്ളി രാഘവന്‍, എ വിനോദ് എന്നിവര്‍ പങ്കെടുത്തു.

എസ് പി സി ഓണം മെഗാ വിപണനമേള തുടങ്ങി

സബ്‌സിഡിയറി സെന്‍ട്രല്‍ പൊലീസ് കാന്റീന്‍ ആഭിമുഖ്യത്തിലുള്ള ഓണം മെഗാ വിപണന മേള തുടങ്ങി. കണ്ണൂര്‍ പൊലീസ് ക്ലബ്ബ് ജിമ്മി ജോര്‍ജ് ഹാളില്‍ നടക്കുന്ന മേളയില്‍ വിവിധ കമ്പനികളുടെ ഗൃഹോപകരണങ്ങളും ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളും ലഭിക്കും. എസ് പി സി കാര്‍ഡുടമകള്‍ക്ക് മാത്രമാണ് മേളയില്‍ സാധനങ്ങള്‍ വാങ്ങാനാവുക. ആഗസ്ത് 20 ന് മേള സമാപിക്കും

date