Skip to main content

തടസ്സങ്ങൾ വഴി മാറി മന്ത്രിക്ക് നന്ദി അറിയിക്കാൻ അങ്കമാലിയിൽ നിന്ന് രാജു ജോർജ്ജെത്തി

 

 

 

കേരളത്തിൽ ഒരു വ്യവസായ സംരംഭകന് ഏറെനാൾ അനുഭവിക്കേണ്ടി വന്ന തടസ്സങ്ങൾ പഴങ്കഥയായി മാറിയതിൻ്റെ അനുഭവസാക്ഷ്യമാണ് അങ്കമാലിയിൽ നിന്നുമെത്തിയരാജു ജോർജ്ജിന് പറയാനുണ്ടായിരുന്നത്.  വിദേശത്തെ ഉയർന്ന ജോലി രാജി വെച്ചാണ് ജൻമനാട്ടിൽ വ്യവസായം തുടങ്ങാൻ രാജു ജോർജ്ജ് തീരുമാനിച്ചത്. സർക്കാറിൻ്റെ പുതിയ വ്യവസായ നയങ്ങൾക്കും മന്ത്രിക്കും നന്ദി പറയാനായി മാത്രം അദ്ദേഹം കോഴിക്കോട്ടെ കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ മീറ്റ് ദി മിനിസ്റ്റർ പരിപാടിയിൽ എത്തി.
 
കെ എസ് ഇ ബിയുടെ  ഭാഗത്തു നിന്നുണ്ടായ ചില കടുത്ത നിലപാടുകൾ സംരംഭത്തിന്  തടസ്സമാകുന്നതായിരുന്നു അദ്ദേഹത്തിൻ്റെ പ്രശ്നം.
കെട്ടിട നിർമ്മാണ മേഖല  നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാകുന്ന ഡ്രൈമിക്സ് കോൺക്രീറ്റ് സൊല്യൂഷൻ ആണ് രാജു ജോർജിൻ്റെ സംരംഭം.
ഗതാഗത പ്രശ്ങ്ങളും നിർമ്മാണ സാമഗ്രികളുടെ അഭാവവും  വികസനപ്രവർത്തനങ്ങൾക്ക് വിലങ്ങുതടിയായി മാറുമ്പോൾ അതിന് ഒരു പ്രതിവിധിയായാണ് രാജു 'ഡ്രൈ മിക്സ്‌ കോൺക്രീറ്റ് സൊല്യൂഷൻ ' രൂപപ്പെടുത്തിയത്. വിദേശരാജ്യങ്ങളിലെ പരിചയവും  തുണയായി. 2017 ലെ കേന്ദ്ര ഗവണ്മെന്റിന്റെ യുവ വ്യവസായിക്കുള്ള അവാർഡ് രാജുവിനായിരുന്നു.

തടസങ്ങളിൽ മനം മടുത്ത് നിൽക്കുന്ന വേളയിലാണ് എറണാകുളത്തെ മീറ്റ് ദി മിനിസ്റ്റർ പരിപാടിയിൽ അദ്ദേഹം എത്തുകയും പരാതി നൽകുകയും ചെയ്തത്.ഉടൻ തന്നെ വ്യവസായ മന്ത്രി പി.രാജീവും വ്യവസായ വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷും രാജു ജോർജ്ജ് അനുഭവിച്ച തടസങ്ങൾ ഇല്ലാതാക്കാനാവശ്യമായ നടപടികൾ സ്വീകരിച്ചു.  തടസ്സം നീങ്ങി. ആഗ്രഹിച്ച രീതിയിൽ പ്രവർത്തനം തുടങ്ങാൻ അദ്ദേഹത്തിനു കഴിഞ്ഞു.   

 "ബിൽഡീസി  ഡ്രൈ മിക്സ്‌ സൊല്യൂഷൻ " എന്ന പേരിൽ ഇറങ്ങുന്ന ഉൽപ്പന്നം ലക്ഷ്ദ്വീപ് പോലുള്ള മേഖലയിലും വയനാട് പോലെയുള്ള ഗിരി മേഖലകളിലും ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.  30 പേരാണ് രാജു ജോർജിൻ്റെ സ്ഥാപനത്തിൽ ജോലി ചെയ്യുന്നത്.

date