Skip to main content

ജില്ലയിലെ വ്യവസായ വികസന സാധ്യതകൾ ചർച്ച ചെയ്ത്  നിയമസഭാ സാമാജികരുടെ യോഗം 

 

 

 

വ്യവസായ മേഖലയിൽ ജില്ലയുടെ സാധ്യതകൾ ചർച്ച ചെയ്ത് മീറ്റ് ദി മിനിസ്റ്റർ പരിപാടിയിൽ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിൻ്റെ അധ്യക്ഷതയിൽ ചേർന്ന നിയമസഭാ സാമാജികരുടെ യോഗം.   മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സിന് സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച വിഷയം രമ്യതയില്‍ പരിഹരിക്കാനാണ് സര്‍ക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കോംട്രസ്റ്റിന്റെ കാര്യത്തില്‍ സങ്കീര്‍ണതകളുണ്ട്. അത് പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ വളരെ ഗൗരവത്തിലാണ് കൈകാര്യം ചെയ്യുന്നത്.
കേരള സോപ്‌സ് നന്നായി നടത്താന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യും. കല്ലായി മരവ്യവസായത്തെ സംരക്ഷിക്കും. ഇതിനായി പ്രത്യേക യോഗം വിളിക്കും. അവിടെ ഫര്‍ണിച്ചര്‍ ഹബ്ബ് കൊണ്ടുവരാനും ടൂറിസം അടക്കമുള്ള സാധ്യതകള്‍ പരിശോധിക്കാനും ചര്‍ച്ചകള്‍ നടത്തും. ഫൂട്ട് വെയര്‍ ഡിസൈനിങ് സെന്റര്‍ സ്ഥാപിക്കുന്നതിന് സൗജന്യ വാടക കെട്ടിടം അനുവദിക്കാന്‍ നടപടിയായിട്ടുണ്ട്.
കൈത്തറി മേഖലയുടെ വളര്‍ച്ചക്ക് ആവശ്യമായ ഫാഷന്‍ ഡിസൈനർമാരെ ഉള്‍പ്പെടുത്തി യോഗം ചേരുമെന്ന് മന്ത്രി പറഞ്ഞു.

പരമ്പരാഗത വ്യവസായത്തെ  പ്രോത്സാഹിപ്പിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് സ്ഥലം ഏറ്റെടുത്ത് മികച്ച വ്യവസായ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കണം.വലിയങ്ങാടിയിലെ ഹെറിറ്റേജ് പദ്ധതികളെ ഉപയോഗപ്പെടുത്തി ഫുഡ് ടൂറിസം കൊണ്ടുവരുന്നത് വ്യവസായ സാധ്യതകളുണ്ടാക്കുമെന്നും അദ്ദേഹം  പറഞ്ഞു.

ഒളവണ്ണയിലെ സിപ്‌കോ ടൂള്‍ റൂം നല്ലരീതിയില്‍ നടത്താനാവശ്യമായ നടപടികളുണ്ടാവണമെന്ന് പിടി.എ റഹീം എം.എല്‍.എ  ആവശ്യപ്പെട്ടു.നിലവില്‍ സൊസൈറ്റികളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടേതായി കാലങ്ങളോളം ഉപയോഗിക്കാതെ കിടക്കുന്ന ഭൂമികളുണ്ട്. വ്യവസായ ആവശ്യങ്ങള്‍ക്കായി അവ ഉപയോഗപ്പെടുത്തണം.

 മടങ്ങി വരുന്ന പ്രവാസികള്‍ക്ക് കൊടുവള്ളി പഞ്ചായത്തിലെ കട്ടിപ്പാറ വ്യവസായ ഭൂമിയില്‍ സ്ഥലം നല്‍കുന്നതിന് മുന്‍ഗണന നല്‍കുന്ന കാര്യം എം.കെ മുനീര്‍ എം.എല്‍.എ വ്യവസായ മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. കിഴക്കോത്ത് പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ വ്യവസായ പാര്‍ക്കിന് പഞ്ചായത്ത് വാങ്ങിയ ഭൂമി പൂര്‍ണമായും വിനിയോഗിക്കാതെ കിടക്കുകയാണ്. ഇത്തരം ഭൂമികള്‍ കൃത്യമായി വിനിയോഗിക്കാനാവശ്യമായ നടപടികളുണ്ടാവണമെന്ന്  എം.എല്‍.എ പറഞ്ഞു.

വടകരയില്‍ ഹാന്റ്‌ലൂം ഡിസൈനിങ് സെന്ററും നാളികേര അസംകൃത വസ്തുക്കള്‍ ഉപയോഗിച്ചുള്ള വ്യവസായ സംരംഭവും സ്ഥാപിക്കാനാവശ്യമായ നടപടികള്‍ ഉണ്ടാവണമെന്ന് കെ.കെ.രമ എം.എല്‍.എ പറഞ്ഞു. പരമ്പരാഗത വ്യവസായ കേന്ദ്രങ്ങളെ സംരക്ഷിക്കാനുള്ള നടപടികളുണ്ടാവണം.

മൂടാടിയിലെ കെല്‍ട്രോണ്‍ സ്ഥാപനത്തിന്റെ ഭൂമിയില്‍ ഇലക്ടോണിക്‌സ് പാര്‍ക്ക് രൂപാന്തരപ്പെടുത്താവശ്യമായ നടപടികളുണ്ടാവണമെന്ന് കാനത്തില്‍ ജമീല എം.എല്‍.എ പറഞ്ഞു. കയര്‍, ഖാദി സംഘങ്ങളെ നവീകരിക്കുന്നതിനാവശ്യമായ പുനരുദ്ധരണ പദ്ധതി വേണം.

കേരള സോപ്‌സിന്റെ നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടി വേണമെന്ന് തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. കേരള സോപ്‌സിന്റെ സ്ഥലം ഒരു കണ്‍വന്‍ഷന്‍ സെന്ററാക്കി മാറ്റാന്‍ ആവശ്യമായ നടപടിയുണ്ടാവണം.

നടുവണ്ണൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിപ്‌കോയുടെ പ്രവര്‍ത്തനം പ്രത്യേകമായി പരിഗണിക്കണമെന്ന് സച്ചിന്‍ ദേവ് എം.എല്‍.എ ആവശ്യപ്പെട്ടു. കിനാലൂര്‍ വ്യവസായ എസ്റ്റേറ്റിലെ അവശേഷിക്കുന്ന ഭൂമി പുതിയ സംരംഭകര്‍ക്ക് നല്‍കാന്‍ ഊര്‍ജിത നടപടി വേണം.

കുറ്റ്യാടിയില്‍ കോക്കനട്ട് പാര്‍ക്കിന് ആവശ്യമായ ധനസഹായം നല്‍കണമെന്ന് ഇ.കെ.വിജയന്‍ എം.എല്‍.എ പറഞ്ഞു. ഭൂമിക്ക് നിലവിലുള്ള ഖനനഭൂമി ഏറ്റെടുത്ത് പുതിയ വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാക്കണമെന്ന് ലിന്റോ ജോസഫ് എം.എല്‍.എ ആവശ്യപ്പെട്ടു.

date