Skip to main content

പരീക്ഷണാടിസ്ഥാനത്തില്‍ ഡ്രൈവ് ത്രൂ  വാക്‌സിനേഷന്‍ നടത്തി

 

കോട്ടയം ജില്ലയില്‍ ആദ്യമായി പരീക്ഷണാടിസ്ഥാനത്തില്‍ ഡ്രൈവ് ത്രൂ കോവിഡ് വാക്‌സിനേഷന്‍ നടത്തി. ആളുകള്‍ക്ക് വാഹനത്തില്‍ ഇരുന്നുതന്നെ വാക്‌സിന്‍ സ്വീകരിക്കാനുള്ള സൗകര്യമാണ് അതിരമ്പുഴ സെന്റ് സെബാസ്റ്റിയന്‍സ് പാരിഷ് ഹാളില്‍ ഇന്നലെ ഒരുക്കിയത്. 

വാക്‌സിന്‍ സ്വീകരിച്ചതിനുശേഷമുള്ള അരമണിക്കൂര്‍ നിരീക്ഷണ സമയവും വാഹനത്തിനുള്ളില്‍തന്നെ ചിലവഴിക്കുന്ന രീതിയിലായിരുന്നു ക്രമീകരണം. അതിരന്പുഴയിലെ ജനപ്രതിനിധികളും ആരോഗ്യ പ്രവര്‍ത്തകരും മുന്‍കൂട്ടി അറിപ്പ് നല്‍കിയവരാണ്  വാഹനങ്ങളില്‍ എത്തിയത്.

തിരക്ക് ഒഴിവാക്കുന്നതിന് ഒരു സമയം നിശ്ചിത എണ്ണം വാഹനങ്ങള്‍ക്കു വീതം ടോക്കണ്‍ നല്‍കി പാരിഷ് ഹാള്‍ വളപ്പിലേക്ക് കടത്തിവിടുകയായിരുന്നു. വാക്‌സിന്‍ നല്‍കുന്നതിനായി ആരോഗ്യ പ്രവര്‍ത്തകരുടെ മൂന്നു ടീമുകളെയാണ് നിയോഗിച്ചിരുന്നത്. രാവിലെ പത്തിന് തുടങ്ങിയ വാക്‌സിനേഷന്‍ വൈകുന്നേരം നാലിന് സമാപിച്ചു. ആകെ 770 പേര്‍ക്ക് വാക്‌സിന്‍ നല്‍കി.

ജില്ലയില്‍ ഡ്രൈവ് ത്രൂ വാക്‌സിനേഷന് സ്ഥിര സംവിധാനം ഒരുക്കുന്നതിന് സാധ്യത പരിശോധിച്ചുവരികയാണെന്ന് ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ പറഞ്ഞു.

date