Skip to main content
കളക്ടറേറ്റില്‍ ചേര്‍ന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സായി സേവാ ട്രസ്റ്റ് എന്‍മകജെ, പുല്ലൂര്‍ പെരിയ പഞ്ചായത്തുകളില്‍ നിര്‍മിച്ച വീടുകളുടെ അവലോകന യോഗം

എന്‍മകജെയിലെ സായിഗ്രാമം വീടുകള്‍; അടിസ്ഥാന സൗകര്യങ്ങള്‍ ഉടന്‍ ഒരുക്കും

ഭൂരഹിതരും ഭവന രഹിതരുമായ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കുടുംബങ്ങള്‍ക്കായി സായി സേവാട്രസ്റ്റ് എന്‍മകജെയില്‍ നിര്‍മ്മിച്ച 36 വീടുകളിലേക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വേഗത്തിലൊരുക്കാന്‍ തീരുമാനം. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദിന്റെ അധ്യക്ഷതയില്‍ എം.എല്‍.എമാര്‍ തദ്ദേശ സ്ഥാപന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്ത അവലോകന യോഗത്തി ലാണ് തീരുമാനം. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി എന്‍മകജെയിലെ വീടുകളിലേക്കുള്ള റോഡ് നിര്‍മ്മാണത്തിന് വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയതായി സ്പെഷ്യല്‍ ഓഫീസര്‍ ഇ.പി.രാജ്മോഹന്‍ അറിയിച്ചു. 42.86ലക്ഷം രൂപയുടെ പദ്ധതിയാണ്  തയ്യാറാക്കിയത്. വൈദ്യുതീകരണത്തിന് 12ലക്ഷം രൂപയുടെ പദ്ധതിയും തയ്യാറാക്കി. ജലജീവന്‍ മിഷനില്‍ ഉള്‍പ്പെടുത്തി കുടിവെള്ള പ്രശ്നത്തിനും പരിഹാരമുണ്ടാക്കുമെന്നും അദ്ദേഹം യോഗത്തെ അറിയിച്ചു.
പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ നിര്‍മ്മിച്ച 45 വീടുകളില്‍ പട്ടയം നല്‍കിയവരില്‍ 22 കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. കൂടാതെ ഏഴ് ദുരിതബാധിതര്‍ക്ക് പട്ടയം നല്‍കിയെങ്കിലും താമസമാരംഭിച്ചിട്ടില്ല. 16വീടുകള്‍ക്കാണ് പട്ടയം നല്‍കാന്‍ ബാക്കിയുള്ളത്. ഇതിലേക്കായി നിലവില്‍ 49 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ഇതുള്‍പ്പെടെ രണ്ടാം ഘട്ടത്തില്‍ വീടുകള്‍ കൈമാറിയ ശേഷം ലഭിച്ച അപേക്ഷകളും പുതുതായി സ്വീകരിക്കുന്ന അപേക്ഷകളും തഹസില്‍ദാര്‍മാര്‍ മുഖേന പരിശോധന നടത്തും. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന അര്‍ഹരായവരുടെ പട്ടിക എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസ സെല്‍ യോഗം ചേര്‍ന്ന് പരിശോധിക്കാനും തീരുമാനിച്ചു.  നേരത്തെ വീടുകള്‍ക്ക് അപേക്ഷ നല്‍കിയവരില്‍ പട്ടികയില്‍ ഉള്‍പ്പെട്ട ദുരിതബാധിതര്‍ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയില്‍ താമസിക്കുന്നുണ്ട്. ഇവരില്‍ റേഷന്‍ കാര്‍ഡ്, വൈദ്യുതി, താത്കാലിക കെട്ടിട നമ്പര്‍ എന്നിവ ലഭിച്ചവരുണ്ടെങ്കില്‍ വീടിരിക്കുന്ന അഞ്ച് സെന്റ് ഭൂമിക്ക് കേരള ഭൂമിപതിവ് ചട്ട പ്രകാരം പട്ടയം ലഭ്യമാക്കുന്ന കാര്യം പരിഗണിക്കാനും യോഗം തീരുമാനിച്ചു. നിലവില്‍ താമസമാരംഭിക്കാത്ത വീടുകളിലെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍  ഗ്രാമ പഞ്ചായത്ത് ഭരണസമിതിയെ ചുമതലപ്പെടുത്തി.
എം.എല്‍.എമാരായ ഇ.ചന്ദ്രശേഖരന്‍, എ.കെ.എം.അഷ്റഫ്,  എന്‍മകജെ പഞ്ചായത്ത് പ്രസിഡന്റ് ജെ.എസ്.സോമശേഖര, പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദാക്ഷന്‍, എന്‍മകജെ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ സൗദാബി ഹനീഫ്, പുല്ലൂര്‍ പെരിയ പഞ്ചായത്തംഗം രജനി.പി, എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യൂട്ടി കളക്ടര്‍ എസ്.സജീദ് , സായിട്രസ്റ്റ് പ്രതിനിധികളായ വിവേക്.വി.വി, എച്ച്.പി.ഉഷ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

date