Skip to main content
പെരുവെമ്പ് ഗ്രാമപഞ്ചായത്തിലെ കിഴക്കേത്തറ - കാറക്കുളം റോഡ് ഉദ്ഘാടനം മന്ത്രി കെ കൃഷ്ണൻകുട്ടി നിർവഹിക്കുന്നു

കിഴക്കേത്തറ - കാറക്കുളം റോഡ് മന്ത്രി കെ കൃഷ്ണൻകുട്ടി  ഉദ്‌ഘാടനം ചെയ്തു

 

പെരുവെമ്പ് ഗ്രാമ പഞ്ചായത്തിൽ 65 ലക്ഷം ചെലവിൽ പൂർത്തീകരിച്ച കിഴക്കേത്തറ -കാറക്കുളം റോഡ് ഉദ്‌ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി  നിർവഹിച്ചു. പെരുവെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ഹംസത്ത് അധ്യക്ഷനായി. 

ഓരോ കുടുംബത്തിന്റെയും വരുമാനം വർദ്ധിപ്പിക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുന്നതിൽ ത്രിതല പഞ്ചായത്തുകൾ മുൻഗണന നൽകണമെന്ന്  മന്ത്രി അഭിപ്രായപ്പെട്ടു. വികസനമെന്നാൽ റോഡ്, പാലം എന്നിവയുടെ നിർമ്മാണം മാത്രമല്ല, കുടുംബങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുക കൂടിയാണ്.  സാധാരണക്കാർക്കായി 164 ഓളം സഹായ പദ്ധതികളാണ് സർക്കാർ ആവിഷ്ക്കരിച്ചു നടപ്പാക്കിയിട്ടുള്ളത്.  അർഹരായവരെല്ലാം അപേക്ഷ നൽകി ഈ പദ്ധതി പ്രയോജനപ്പെടുത്തണം.

സോളാറിന്റെ സാധ്യതകൾ  പരമാവധി പ്രയോജനപ്പെടുത്തിയാൽ  ഉയർന്ന വൈദ്യുതി നിരക്ക്  വരുന്നവർക്ക് ബില്ലിൽ വലിയ കുറവുണ്ടാകാൻ സഹായിക്കുമെന്നു മന്ത്രി ഓർമിപ്പിച്ചു. നാലുവർഷത്തിനകം മുടക്കുമുതൽ തിരികെ ലഭിക്കും. കർഷകർക്ക് അധിക വരുമാനം ഉറപ്പാക്കാൻ സോളാർ ഉപയോഗിക്കുന്ന കുസുമം പദ്ധതി പ്രയോജനപ്പെടുത്താം. ഇവയ്‌ക്കെല്ലാം ലോണും സബ്സിഡികളും ലഭ്യമാണെന്നും മന്ത്രി പറഞ്ഞു.

പരിപാടിയിൽ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ ഉഷാകുമാരി, സി ശശികല, വി ബാലൻ, ബി ചിത്ര, അനിത, സരിത, പഞ്ചായത്ത് സെക്രട്ടറി ടി അബ്ദുൽ സലാം തുടങ്ങിവർ പങ്കെടുത്തു.
 

date