Skip to main content

ക്ഷീരകര്‍ഷകര്‍ക്കെല്ലാം  ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം: മന്ത്രി ജെ. ചിഞ്ചു റാണി

ക്ഷീരകര്‍ഷക സംഘങ്ങളില്‍ അംഗമല്ലാത്തവര്‍ ഉള്‍പ്പെടെ കന്നുകാലികളെ വളര്‍ത്തുന്ന എല്ലാ കര്‍ഷകര്‍ക്കും ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം നല്‍കുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. സര്‍ക്കാരിന്റെ നൂറ് ദിന പരിപാടിയുമായി ബന്ധപ്പെട്ട്  കേരള ക്ഷീരകര്‍ഷക ക്ഷേമനിധി സമ്പൂര്‍ണ അംഗത്വ ക്യാമ്പയിനിന്റെ ഉദ്ഘാടനം ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പെന്‍ഷന്‍, ചികിത്സാ ധനസഹായം,  തല്‍സമയം നല്‍കുന്ന കോവിഡ് സഹായം ഉള്‍പ്പെടെ ലഭിക്കുന്നതിന് ക്ഷേമനിധി അംഗത്വം നിര്‍ബന്ധമാണ്. ക്ഷീര സഹകരണ സംഘങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് പാലളക്കുന്നവര്‍ക്ക് മാത്രമായിരുന്നു ഇത്തരം ആനുകൂല്യങ്ങള്‍  ലഭിച്ചിരുന്നത്. ഇനി മുഴുവന്‍ ക്ഷീരകര്‍ഷകര്‍ക്കും ബോര്‍ഡില്‍ അംഗത്വം നല്‍കി സഹായങ്ങള്‍ ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.
മികച്ച ക്ഷീരകര്‍ഷകനായ വി.എസ്.ബിജുവിനെ മന്ത്രി ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  സാം. കെ. ഡാനിയല്‍ ക്ഷേമനിധി ധനസഹായത്തിന്റെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എന്‍. രാജന്‍ അദ്ധ്യക്ഷനായി. ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ മിനി രവീന്ദ്രദാസ്, ബോര്‍ഡ് മെമ്പര്‍ കെ.എസ് മണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.വി.ബിന്ദു തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.2213/2021)
 

date