Skip to main content

സ്പീക്കറോട് സംവദിച്ച് വിദ്യാർഥികൾ;  ഡ്രിൽ പിരീഡ് മുതൽ ചാനലിലൂടെ എൻട്രൻസ് പരിശീലനം വരെ വിഷയം

 

ആലപ്പുഴ: 'സർ, സ്‌കൂളിലെ ഡ്രിൽ പിരീഡുകൾ വഴി ഒളിമ്പിക്‌സ് മെഡൽ നേടാനൊന്നും സാധ്യതയില്ലെങ്കിലും കായിക വിദ്യാഭ്യാസത്തിന് കൂടുതൽ പ്രാധാന്യം നൽകാനുള്ള നടപടി വേണം'-നിയമസഭാ സ്പീക്കർ എം.ബി. രാജേഷിനോടാണ് ഹയർ സെക്കൻഡറിയിൽ മികച്ച വിജയം നേടിയ ദിയ ഫാത്തിമയുടെ നിർദ്ദേശം. 'സ്വന്തം പ്രയത്‌നം കൊണ്ട് നേട്ടം കൊയ്ത ശേഷമാണ് നമ്മുടെ പല കായിക താരങ്ങളെയും നാം തിരിച്ചറിയുന്നത്, ആ അവസ്ഥ മാറണം. കായിക വിദ്യാഭ്യാസത്തിനു കൂടുതൽ പ്രാധാന്യം നൽകുകയും സ്‌കൂളുകളിൽ കായിക രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങൾ പ്രാവർത്തികമാക്കാനും സർക്കാരിന്റെ ഭാഗത്തു നിന്ന് നടപടിയുണ്ടാകും' -സ്പീക്കറുടെ മറുപടി. 
ആലപ്പുഴ നിയമസഭാ മണ്ഡലത്തിൽ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾക്കായി 'ഫെയ്‌സ് ടു ഫ്യൂച്ചർ' എന്ന പേരിൽ ആലപ്പുഴ സെന്റ് ജോസഫ്സ് സ്‌കൂളിൽ സംഘടിപ്പിച്ച വിജ്ഞാനജ്യോതി സംവാദ പരിപാടിയായിരുന്നു വേദി.  'പുതിയ കാലഘട്ടം: ഉന്നത വിദ്യാഭ്യാസവും സാധ്യതകളും' എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ വിദ്യാർഥികൾ ഒട്ടേറെ ചോദ്യങ്ങളും ആശയങ്ങളും നിർദ്ദേശങ്ങളും സ്പീക്കറുമായി പങ്കുവച്ചു.

പഠനത്തോടൊപ്പം തൊഴിലും ചെയ്യാനായി കോളജുകളിലെ പഠന സമയം ക്രമീകരിക്കണമെന്നായിരുന്നു അനന്ത ശിവൻ എന്ന വിദ്യാർഥിയുടെ ആവശ്യം.  ഇത് സർക്കാർ നേരത്തെ തന്നെ ആലോചിച്ചിട്ടുള്ള വിഷയമാണെന്ന് സ്പീക്കർ മറുപടി നൽകി. പഠന വിഷയങ്ങളിൽ ലൈംഗിക വിദ്യാഭ്യാസത്തിന് വേണ്ട പരിഗണന നൽകുന്നില്ലെന്ന് വിദ്യാർഥികളിൽ പലരും അഭിപ്രായപ്പെട്ടു. ലൈംഗിക വിദ്യാഭ്യാസത്തിലൂടെ സ്ത്രീകൾക്കും കുട്ടികൾക്കും എതിരേയുള്ള അതിക്രമങ്ങൾ ഒരു പരിധി വരെ കുറയ്ക്കാൻ കഴിയുമെന്നും ഏറെ പ്രാധാന്യത്തോടെ കാണേണ്ട വിഷയമാണിതെന്നും സ്പീക്കറുടെ മറുപടി.

വിക്‌ടേഴ്‌സ്് ചാനൽ വഴി എൻട്രൻസ് പരിശീലനം, സ്‌കൂളുകളിൽ കരിയർ ഗൈഡൻസ് കൗൺസിലർമാരെ നിയമിക്കണം, സ്്കൂളുകളിൽ നിർമിക ബുദ്ധി സംബന്ധിച്ച പഠനം വിഷയമാക്കണം തുടങ്ങി ഒട്ടേറെ നിർദ്ദേശങ്ങളും വിദ്യാർഥികൾ ഉന്നയിച്ചു. കോവിഡ് കാലത്തെ ദുരിതങ്ങളെ പൊരുതി തോൽപ്പിച്ച് ഉന്നത വിജയം നേടിയ വിദ്യാർഥി സമൂഹമാണ് ഇന്നത്തേത്. അഭിമാനകരമായ നേട്ടമാണിത്്. കോവിഡിനു ശേഷവും ഡിജിറ്റൽ വിദ്യാഭ്യാസത്തിനു കൂടി പ്രാധാന്യം നൽകിക്കൊണ്ടുള്ള പഠന രീതിക്കാവും സാധ്യതയെന്നും സ്പീക്കർ പറഞ്ഞു.  
സംവാദത്തിൽ പി.പി. ചിത്തരഞ്ജൻ എം.എൽ.എ., ജില്ലാ പഞ്ചായത്തംഗം അഡ്വ. ആർ. റിയാസ്, വിദ്യാഭ്യാസ ഉപഡയറക്ടർ വി.ആർ. ഷൈല, ജില്ലാ വിദ്യാഭ്യാസ ഓഫീസർ റാണി തോമസ് എന്നിവരും പങ്കെടുത്തു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. 
 

date