Skip to main content

ശക്തമായ മഴയ്ക്കു സാധ്യത; ജില്ലയിൽ യെല്ലോ അലേർട്ട്

കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ ഇന്നു (ഓഗസ്റ്റ് 29) കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിനിടെ 64.5 മുതൽ 115.5 മില്ലി മീറ്റർ വരെ മഴ പെയ്യാനാണു സാധ്യത. ഇതു മുൻനിർത്തി പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നു ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. 

 

അടച്ചുറപ്പില്ലാത്തതും മേൽക്കൂര ശക്തമല്ലാത്തതുമായ വീടുകളിൽ താമസിക്കുന്നവർ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ മാറി താമസിക്കാൻ തയാറാകണം. തീരപ്രദേശങ്ങളിൽ കടലാക്രമണത്തിനു സാധ്യതയുള്ളതിനാൽ മത്സ്യബന്ധനോപാധികൾ സുരക്ഷിതമാക്കിവയ്ക്കണം. ആവശ്യമായ ഘട്ടത്തിൽ മാറിത്താമസിക്കാൻ തയാറാകണം. സ്വകാര്യ, പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ, പോസ്റ്റുകൾ, ബോർഡുകൾ, തുടങ്ങിയവ സുരക്ഷിതമാക്കണം. ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറേണ്ട ഘട്ടമുണ്ടായാൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം.

 

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ നദികൾ മുറിച്ചുകടക്കാനോ നദികളിലും മറ്റു ജലാശയങ്ങളിലും കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്ക് ഇറങ്ങാനോ പാടില്ല. ജലാശയങ്ങൾക്കു മുകളിലെ പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫിയെടുക്കുകയോ കൂട്ടം കൂടുകയോ ചെയ്യരുത്. അണക്കെട്ടുകൾക്കു താഴെ താമസിക്കുന്നവർ വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുന്നിൽക്കണ്ട് ആവശ്യമായ തയാറെടുപ്പുകൾ നടത്തുകയും ആവശ്യമെങ്കിൽ അധികൃതരുടെ നിർദേശങ്ങൾക്കനുസരിച്ചു മാറി താമസിക്കുകയും വേണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കണമെന്നും കളക്ടർ അറിയിച്ചു.

 

date