Skip to main content

വാതില്‍പ്പടി സേവനം പദ്ധതി; ആദ്യ ഘട്ട നടപടികള്‍ക്ക്  തുടക്കമിട്ട് മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത്

- ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കി 
ആലപ്പുഴ: അശരണര്‍ക്കും ആലംബഹീനര്‍ക്കും കരുതല്‍ സ്പര്‍ശമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 'വാതില്‍പ്പടി സേവനം' പദ്ധതിയിലേക്കുള്ള ആദ്യ ഘട്ട നടപടികള്‍ക്ക് തുടക്കമിട്ട് മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത്. സംസ്ഥാനത്തെ 50 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയാണ് വാതില്‍പ്പടി സേവനം പദ്ധതിയുടെ ആദ്യഘട്ടത്തില്‍ തിരഞ്ഞെടുത്തിട്ടുള്ളത്. ജില്ലയില്‍ തിരുവന്‍വണ്ടൂര്‍, കരുവാറ്റ, മാരാരിക്കുളം വടക്ക് പഞ്ചായത്തുകളും മാവേലിക്കര നഗരസഭയുമാണ് ആദ്യഘട്ടത്തില്‍ ഇടംപിടിച്ചത്.

സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കല്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം ലഭ്യമാക്കുന്നതിനുള്ള അപേക്ഷ തയ്യാറാക്കല്‍, സാമൂഹിക സുരക്ഷ പെന്‍ഷന്‍, അടിയന്തരാവശ്യത്തിനുള്ള മരുന്നുകള്‍ എത്തിച്ചുനല്‍കല്‍, പാലിയേറ്റീവ് കെയര്‍, ലൈഫ് സര്‍ട്ടിഫിക്കറ്റ്, തുടങ്ങിയ സേവനങ്ങളാണ് ആദ്യ ഘട്ടത്തില്‍ വാതില്‍പ്പടി സേവനം വഴി ലഭ്യമാക്കുന്നത്.
സെപ്റ്റംബറില്‍ ആരംഭിക്കുന്ന പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്തില്‍ തുടക്കമായി. പതിനഞ്ച് പേരടങ്ങുന്ന പഞ്ചായത്ത്തല സമിതിക്കും രൂപം നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷയും സെക്രട്ടറി കണ്‍വീനറും ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉപാധ്യക്ഷയുമായുള്ള സമിതിയാണ് രൂപീകരിച്ചത്. റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍. ആര്‍. ടി.) അംഗങ്ങള്‍, അഫിലിയേറ്റഡ് ലൈബ്രറിയുടെ ഏകോപന സമിതി കണ്‍വീനര്‍, പെന്‍ഷന്‍ സംഘടനയില്‍ നിന്നുള്ള ഒരംഗം, വായോമിത്രം ക്ലബ് അംഗം, അക്ഷയ കേന്ദ്രം പ്രതിനിധി, കുടുംബശ്രീ സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ എന്നിങ്ങനെ പതിനഞ്ച് വിഭാഗങ്ങളില്‍ നിന്നുള്ള അംഗങ്ങളെ ഉള്‍പ്പെടുത്തിയാണ് സമിതി രൂപീകരിച്ചിട്ടുള്ളത്.

ഇതിന് തുടര്‍ച്ചയായി വാര്‍ഡ് തലത്തില്‍ ആശാ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ 15 അംഗ സമിതിയും രൂപീകരിക്കും. ഇതിനായി ആശാ പ്രവര്‍ത്തകരുടെ ആദ്യ യോഗവും ചേര്‍ന്നു. ഗുണഭോക്താക്കളെ കണ്ടെത്തുന്നതുള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ ആശാ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ വാര്‍ഡ്തല സമിതിയാണ് നടത്തുന്നത്. ആശാ പ്രവര്‍ത്തകര്‍ വാര്‍ഡു തലത്തില്‍ ഗുണഭോക്താക്കളുടെ ആദ്യ പട്ടിക തയ്യാറാക്കി കഴിഞ്ഞു. പട്ടിക പരിശോധനയ്ക്കു വിധേയമാക്കിയതിനു ശേഷം ഗുണഭോക്താക്കള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. ഗുണഭോക്താക്കള്‍ സേവനത്തിന് അര്‍ഹരാണോ എന്ന് കണ്ടെത്തുന്നതും രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളും വാര്‍ഡ് തല സമിതിയുടെ മേല്‍നോട്ടത്തിലാണ് നടത്തുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് സുദര്‍ശന ഭായി പറഞ്ഞു. 
വാര്‍ഡ് തല സമിതി അംഗങ്ങള്‍ക്ക് പ്രത്യേകം തിരിച്ചറിയല്‍ കാര്‍ഡും നല്‍കും. പൊതുപ്രവര്‍ത്തന രംഗത്തുള്ളവരാകും വാര്‍ഡ് തല സമിതി അംഗങ്ങള്‍. വാര്‍ഡ് തല സമിതിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് യോഗങ്ങളും നടന്നുവരികയാണ്. 

date