Skip to main content

ജില്ലയിലെ അംഗനവാടികളുടെ അവസ്ഥ വിലയിരുത്താൻ ആസൂത്രണ സമിതി  തീരുമാനം

 * തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നിർവ്വഹണ പുരോഗതിയിൽ 12.68 ശതമാനത്തോടെ ജില്ല ഒന്നാമത്

ആലപ്പുഴ : ജില്ലയിലെ അംഗനവാടികളുടെ നിലവിലെ അവസ്ഥയും പ്രവർത്തനങ്ങളും വിലയിരുത്താൻ ജില്ലാ ആസൂത്രണ സമിതി യോഗം തീരുമാനിച്ചു. ജില്ലാ ആസൂത്രണ സമിതി അദ്ധ്യക്ഷയും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റുമായ കെ. ജി രാജേശ്വരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ആസൂത്രണ സമിതിയും ജില്ലാ വനിതാ ശിശു വികസന വകുപ്പും ചേർന്നാകും വിലയിരുത്തൽ നടത്തുക. ഇതിനായി സെപ്റ്റംബർ 10 മുതൽ ജില്ലയിലെ അംഗനവാടികളിൽ സർവ്വേ നടത്താനാണ് തീരുമാനം. അംഗനവാടികളിലെ അടിസ്ഥാന സൗകര്യങ്ങൾ, ജലം -വൈദ്യൂതി ലഭ്യത, ശുചി മുറി സൗകര്യങ്ങൾ, അംഗനവാടികൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങളുടെ സുരക്ഷ, സ്വന്തമായി സ്ഥലമില്ലാതെ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അംഗനവാടികളുടെ പരിമിതികൾ തുടങ്ങിയ കാര്യങ്ങൾ സർവ്വേ വിലയിരുത്തും. സർവ്വേ പൂർത്തിയാക്കിയ ശേഷം റിപ്പോർട്ട്‌ പരിശോധിക്കാൻ പ്രത്യേക ആസൂത്രണ സമിതി യോഗം ചേരും.

തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നിർവ്വഹണ പുരോഗതിയിൽ 12.68 ശതമാനത്തോടെ ജില്ല സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനത്താണെന്നും തുടർന്നും ഈ മികവ് പുലർത്തണമെന്നും ആസൂത്രണ സമിതി നിർദ്ദേശിച്ചു. ജില്ലയിലെ 29 തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഭേദഗതിക്ക് ആസൂത്രണ സമിതി അംഗീകാരം നൽകി. 20 ഗ്രാമ പഞ്ചായത്തുകളുടെയും 9 ബ്ലോക്ക് പഞ്ചായത്തുകളുടെയും പദ്ധതി ഭേദഗതിക്കാണ് അംഗീകാരം നൽകിയത്. ഭേദഗതി വരുത്തിയ 628 പദ്ധതികൾക്ക് യോഗം അംഗീകാരം നൽകി. കൂടാതെ 448 പുതിയ പദ്ധതികൾ, 81 കോവിഡ് പ്രത്യേക പദ്ധതികൾ, 704 സ്പില്ലോവർ പദ്ധതികൾ എന്നിവയ്ക്കും ആസൂത്രണ സമിതി അംഗീകാരം നൽകി. പ്രസ്തുത തദ്ദേശ സ്ഥാപനങ്ങളിലെ 346 പദ്ധതികൾ ഉപേക്ഷിക്കാനും ആസൂത്രണ സമിതി അനുമതി നൽകി.

ചെങ്ങന്നൂർ നഗരസഭയുടെ മാസ്റ്റർപ്ലാൻ പരിശോധിച്ച് അവശ്യമായ ശുപാർശകൾ സർക്കാരിന് സമർപ്പിക്കാൻ യോഗം തീരുമാനിച്ചു. തെരുവ്‌ നായ്ക്കളുടെ വന്ധ്യംകരണവുമായി ബന്ധപ്പെട്ട എ. ബി. സി പദ്ധതി നടത്തിപ്പിന്റെ തുക ജില്ലാ പഞ്ചായത്തിന് കൈമാറാനുള്ള 15 തദ്ദേശ സ്ഥാപനങ്ങൾ തുക എത്രയും പെട്ടന്ന് കൈമാറാൻ യോഗം നിർദ്ദേശിച്ചു. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി സ്റ്റാറ്റസ് റിപ്പോർട്ട്‌, ജില്ലാ പദ്ധതി, ദുരന്തനിവാരണ പദ്ധതി എന്നിവ പരിഷ്കരിക്കാൻ തീരുമാനിച്ചു.പട്ടികജാതി -പട്ടികവർഗ്ഗ വിഭാഗങ്ങളുടെ പദ്ധതികളുടെ പുരോഗതി യോഗം പ്രത്യേകം വിലയിരുത്തി. ഖരമാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് മാലിന്യ ശേഖരണ സംവിധാനം ഒരുക്കാത്ത 11 ഗ്രാമ പഞ്ചായത്തുകൾ  ഇതിനായി പദ്ധതി നടപ്പാക്കണമെന്നും യോഗം നിർദ്ദേശിച്ചു.

ജില്ലാ കളക്ടർ എ. അലക്സാണ്ടർ, ജില്ലാ വികസന കമ്മീഷണർ കെ. എസ് അഞ്ജു, ജില്ലാ പ്ലാനിംഗ് ഓഫിസർ എസ്. സത്യപ്രകാശ് , ആസൂത്രണ സമിതി അംഗങ്ങൾ, വിവിധ വകുപ്പ് തല മേധാവികൾ, തദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷൻമാർ, സെക്രട്ടറിമാർ എന്നിവർ ഓൺലൈൻ യോഗത്തിൽ പങ്കെടുത്തു.

date