Skip to main content

കോവിഡ്: ജാഗ്രത പുലര്‍ത്തണം, നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കണം; ജില്ലാ കലക്ടര്‍

 

ലോക് ഡൗണിന് ശേഷം പ്രധാനപ്പെട്ട എല്ലാ മേഖലകളും തുറന്നു പ്രവര്‍ത്തിക്കുന്നതിനാല്‍ തന്നെ കൂടുതല്‍ ജാഗ്രത പുലര്‍ത്തുകയും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുകയും വേണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ കലക്ടറുമായ മൃണ്മയി ജോഷി പറഞ്ഞു. വീടുകളില്‍ ചികിത്സയിലുള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. രോഗ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടോ എന്ന് സ്വയം പരിശോധിക്കുകയും ഗുരുതരമായ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ ആശുപത്രിയുമായി ബന്ധപ്പെടണം. പ്രായമായവരോ മറ്റ് അനുബന്ധ രോഗങ്ങളോ ഉള്ളവര്‍ക്ക് ഓക്‌സിജന്‍, വെന്റിലേറ്റര്‍ എന്നിവ ആവശ്യമായി വരാന്‍ ഇടയുള്ളതിനാല്‍ ഡി സി സി യിലേക്കോ സി എഫ് എല്‍ ടി സി യിലേക്കോ മാറണം. ജില്ലയില്‍ നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിന് മുകളിലായാണ് തുടരുന്നത്. എല്ലാ ആഴ്ചയിലും ഡബ്ലിയു ഐ പി ആര്‍ പ്രകാരം നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നുണ്ട്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേര്‍ന്ന് ക്ലസ്റ്ററുകളുണ്ടെങ്കില്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിക്കുന്നുണ്ട്. ഇത്തരം പ്രദേശങ്ങളില്‍ അവശ്യ സേവനങ്ങള്‍ മാത്രമേ അനുവദിക്കുന്നുള്ളൂ. സെക്ടറല്‍ മജിസ്‌ട്രേറ്റ്, പോലീസ് എന്നിവര്‍ പരിശോധന നടത്തിവരുന്നുണ്ട്.

ഒന്നാം ഡോസ് വാക്സിനേഷന്‍ പൂര്‍ണ്ണമാക്കുക ലക്ഷ്യം

ജില്ലയില്‍ വാക്സിന്‍ നല്‍കുന്നതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തി മുന്നോട്ട് പോവുകയാണെന്നും ഘട്ടം ഘട്ടമായി ജില്ലയിലെ ഒന്നാം ഡോസ് വാക്സിനേഷന്‍ 100 ശതമാനം ആക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ഇതിനായി എല്ലാവരുടേയും സഹകരണം ആവശ്യമാണ്. 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, 45 വയസ്സ് മുകളില്‍ പ്രായമുള്ളവര്‍, മുന്‍ഗണന ലഭ്യമാകുന്നവര്‍ എന്നിങ്ങനെ വേര്‍തിരിച്ച് വാക്സിന്‍ നല്‍കി വരികയാണ്. രണ്ടാം ഡോസ് വാക്സിന്‍ ലഭ്യമാകാത്തവര്‍ക്ക് വാക്സിന്‍ നല്‍കുന്നതിന് ജില്ലാ ഭരണകൂടവും ആരോഗ്യ വിഭാഗവും പ്രാധാന്യം നല്‍കുന്നുണ്ട്. നിലവില്‍ കോവാക്സിനും കോവിഷീല്‍ഡുമാണ് ലഭ്യമാകുന്നത്. ഇതില്‍ കോവാക്സിന്‍ സ്വീകരിക്കുന്നതില്‍ ചില സ്ഥലങ്ങളില്‍ വിമുഖത കാണിക്കുന്നതായി മനസ്സിലാകുന്നു.  കോവാക്സിന്റെ കാര്യക്ഷമതയും ഗുണവും സംബന്ധിച്ച ആശങ്ക ജനങ്ങളില്‍ ഉണ്ട്. എന്നാല്‍ ആരും വിമുഖത കാണിക്കേണ്ടതില്ല. രണ്ട് തരം വാക്സിനുകളും ഫലപ്രദമാണ്. എല്ലാവരും വാക്സിന്‍ സ്വീകരിക്കുന്നതിന് മുന്നോട്ട് വരണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.  

രോഗവ്യാപനമുള്ള ഇടങ്ങളില്‍ ജില്ലയില്‍ പരിശോധന വര്‍ദ്ധിപ്പിച്ചു

കോവിഡ് പരിശോധനയ്ക്ക് ജില്ലയിലുടനീളം കോവിഡ് ആന്റിജന്‍, ആര്‍. ടി.പി.സി.ആര്‍ ടെസ്റ്റുകള്‍ ഊര്‍ജിതമായി നടത്തി വരുന്നുണ്ട്. രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങളില്‍ പരിശോധന വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പ്രതിദിനം ഏകദേശം 12000 ത്തോളം പേരില്‍ പരിശോധന നടത്തുന്നുണ്ട്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവരും രോഗലക്ഷണങ്ങള്‍ ഉള്ളവരും പരിശോധന നടത്താന്‍ മുന്നോട്ടുവരണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
 

date