Skip to main content

നൂറ്ദിന കർമ്മ പദ്ധതി : ഐ.എൽ.ജി.എം.എസ് പദ്ധതിയിൽ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പരിശീലനം നൽകി

സംസ്ഥാന സർക്കാരിന്റ നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്‌മെന്റ് സിസ്റ്റം (ഐ.എൽ.ജി.എം.എസ്) പദ്ധതിയിൽ 26 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പരിശീലനം പൂർത്തിയായി. 

 

ആദ്യഘട്ടത്തിൽ കാലടി, നായരമ്പലം, മുടക്കുഴ, ചോറ്റാനിക്കര, കുമ്പളം, കോട്ടപ്പടി, ചേന്ദമംഗലം, നെടുമ്പാശ്ശേരി, കുന്നുകര, പള്ളിപ്പുറം, പൂതൃക്ക ഇന്ന് പഞ്ചായത്തുകളിലാണ് പരിശീലനം പൂർത്തിയാക്കിയത്. പദ്ധതിയുടെ ഭാഗമായി രണ്ടാംഘട്ടത്തിൽ വരാപ്പുഴ, പാമ്പാക്കുട, രാമമംഗലം, കോട്ടുവള്ളി, ചൂർണ്ണിക്കര, തിരുമാറാടി, ചെങ്ങമനാട്, വേങ്ങൂർ, പിണ്ടിമന, വാരപ്പെട്ടി, കിഴക്കമ്പലം, കുന്നത്തുനാട്, ആലങ്ങാട്, തുറവൂർ, കല്ലൂർക്കാട് എന്നീ പഞ്ചായത്തുകൾക്കും പരിശീലനം നൽകി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറി, ക്ലർക്ക്, രണ്ട് ഓഫീസ് ജീവനക്കാർ എന്നിവർക്കാണ് പരിശീലനം നൽകിയത്. അടുത്തഘട്ടത്തിൽ പഞ്ചായത്തിലെ എല്ലാ ജീവനക്കാർക്കും പരിശീലനം നൽകും. 

 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ കൂടുതല്‍ സുതാര്യമായും  ഉത്തരവാദിത്വത്താേടെയും  സമയക്ലിപ്‌തമായും സാങ്കേതിക മികവോടെ നടപ്പിലാക്കുന്നതിന് ഇന്‍ഫര്‍‌മേഷന്‍ കേരളമിഷന്‍ വികസിപ്പിച്ച സോഫ്റ്റ്‌വെയറാണ് ഇന്‍റഗ്രേറ്റഡ് ലോക്കല്‍ ഗവേണന്‍സ് മാനേജ്‌മെന്‍റ് സിസ്റ്റം. 

 

പഞ്ചായത്തുകളിൽ നിന്നും ലഭ്യമാകുന്ന 200 ലധികം സേവനങ്ങൾക്കുള്ള അപേക്ഷകളും പരാതികളും അപ്പീലുകളും നിർദ്ദേശങ്ങളും ഓൺലൈനായി ഒറ്റ പ്ലാറ്റ്‌ഫോമിൽ നിന്ന് അയയ്ക്കുന്നതിനുള്ള സൗകര്യമാണ് ഈ സംവിധാനത്തിലൂടെ ലഭ്യമാകുന്നത്. നിലവിൽ മിക്കവാറും എല്ലാ സേവനങ്ങളും ഓൺലൈനിലൂടെ നൽകുന്നുണ്ട്. എന്നാൽ അവ പല വെബ്‌ലിങ്കുകളിലായി ചിതറിക്കിടക്കുകയാണ്. അതിനെയെല്ലാം ഒറ്റ ലോഗിനിൽ ലഭ്യമാക്കുന്ന തരത്തിൽ ക്രമീകരിക്കുകയാണ് ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്‌മെന്റ് സിസ്റ്റം എന്ന ഒരു സോഫ്റ്റ്‌വെയറിലൂടെ ചെയ്യുന്നത്.

 

അപേക്ഷയോടൊപ്പം നൽകുന്ന ഇ-മെയിൽ ഐഡിയിൽ അപേക്ഷകന്റെ യൂസർ ലോഗിൻ വിവരങ്ങളും സേവനങ്ങളും ലഭ്യമാകും. നടപടിക്രമങ്ങൾ പൂർത്തിയാകുമ്പോൾ  എസ്.എം.എസ് ആയി അപേക്ഷകന് വിവരം ലഭിക്കും. ഒട്ടും കാലതാമസം ഇല്ലാതെ സുതാര്യവും ലളിതവുമായ നടപടിക്രമത്തിലൂടെ എല്ലാവർക്കും വീട്ടിലിരുന്നും അക്ഷയകേന്ദ്രങ്ങൾ വഴിയും ഇ-സേവനങ്ങൾ നേടിയെടുക്കാനാവും. മാത്രമല്ല ഫയലുകളെല്ലാം വെബ് അധിഷ്ഠിതമായതിനാൽ ജീവനക്കാർക്ക് ആവശ്യമെങ്കിൽ വീട്ടിലിരുന്ന് ഓഫീസ് പ്രവർത്തനങ്ങൾ നിർവഹിക്കാനും സാധിക്കും.

 

date