Skip to main content

കർഷകർക്ക് അധികവരുമാനം ഉറപ്പാക്കാനുള്ള പദ്ധതികൾ  നടപ്പാക്കും-മന്ത്രി  പി പ്രസാദ്

 

ആലപ്പുഴ: കർഷകർക്ക് നിലവിലെ വരുമാനത്തിന്റെ 50% എങ്കിലും അധികവരുമാനം ലഭിക്കാൻ പ്രാപ്തമാകുന്ന പദ്ധതികളാണ് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. ചേർത്തല മത്സ്യഭവന്റെ മേൽനോട്ടത്തിൽ വയലാർ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ പി. ജി. സുദർശനൻ നടത്തിയ മത്സ്യകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

വിവിധ കാർഷിക മേഖലകളെ പരസ്പരം ബന്ധപ്പെടുത്തി സമ്മിശ്ര കൃഷി രീതി നടപ്പാക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ. വയലാർ, പട്ടണക്കാട് ഉൾപ്പെടെ ചേർത്തല മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങൾ സമ്മിശ്ര കൃഷിരീതിക്ക് ഏറ്റവും അനുയോജ്യമായതാണ്. ഇത്തരം മേഖലകളിൽ സമ്മിശ്ര കൃഷി രീതി കൂടുതൽ പ്രോത്സാഹിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ജനകീയ മത്സ്യകൃഷി പോലുള്ള പദ്ധതികൾ സുരക്ഷിതമായ  ഭക്ഷ്യവസ്തുക്കൾ ജനങ്ങൾക്ക് ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

2020-21 ജനകീയ മത്സ്യകൃഷി പദ്ധതിവഴി നടപ്പാക്കിയ  ഓരുജല സമ്മിശ്ര മത്സ്യകൃഷിയാണ് വയലാർ പഞ്ചായത്തിലെ ഏഴാം വാർഡിൽ നടത്തിയത്.  ഒരേക്കർ സ്ഥലത്ത് നടത്തിയ മത്സ്യ കൃഷിക്കായി അടിസ്ഥാന സൗകര്യ വികസനം, ആവർത്തന ചെലവ്, കൃഷിക്കാവശ്യമായ മീൻ കുഞ്ഞുങ്ങൾ എന്നിവ ഉൾപ്പെടെ 40 ശതമാനം സബ്സിഡിയാണ് ഫിഷറീസ് വകുപ്പ് നൽകിയത്. ഒപ്പം കൃഷിക്കാവശ്യമായ സാങ്കേതിക സഹായങ്ങളും ചേർത്തല മത്സ്യഭവൻ നൽകി. 

ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന സുഭിക്ഷ കേരളം, ജനകീയ മത്സ്യകൃഷി, പ്രധാനമന്ത്രി മത്സ്യ സമ്പാദ്യ യോജന തുടങ്ങിയ പദ്ധതികൾ വഴി ചേർത്തല മത്സ്യ ഭവന്റെ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ നടത്തിയ മത്സ്യകൃഷികളുടെ വിളവെടുപ്പും ഇതോടൊപ്പം ആരഭിച്ചിട്ടുണ്ട്. 

വയലാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത ഷാജി അധ്യക്ഷത വഹിച്ചു. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ഷാജി, ജില്ലാ പഞ്ചായത്ത് അംഗം എൻ.എസ്. ശിവപ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. ജീവൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്.വി. ബാബു, വയലാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ജി. നായർ, പഞ്ചായത്ത് അംഗം ജയ ലേഖ,  ഫിഷറീസ് ഇൻസ്പെക്ടർ ലീന ഡെന്നീസ് തുടങ്ങിയവർ പങ്കെടുത്തു. 

date