Skip to main content

ക്വാറൻ്റൈൻ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി: ജില്ലാ കളക്ടർ

 

 

ക്വാറൻ്റൈൻ ലംഘിക്കുന്നവർക്കെതിരെ നിയമം അനുശാസിക്കുന്ന നടപടികളും കേസും എടുക്കാനും അവരെ ചികിൽസാ കേന്ദ്രത്തിലേക്ക് മാറ്റാനും ഇന്നു ചേർന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം പോലീസിന് കർശന നിർദ്ദേശം നൽകിയതായി ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു.

 ഹോം ഐസലേഷനിൽ കഴിയുന്ന രോഗികൾ പുറത്തിറങ്ങുന്നത് ശ്രദ്ധയിൽ പെട്ടാൽ കർശന നിയമ നടപടി എടുക്കും. വീടുകളിൽ ക്വാറൻ്റൈനിൽ കഴിയുന്നവർക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ അവ പരിഹരിക്കണമെന്നും അതിന് കഴിയാത്ത പ്രശ്നങ്ങൾ നിത്യേന ശ്രദ്ധയിൽ പെടുത്തണം എന്നും ദുരന്ത നിവാരണ അതോറിറ്റി വാർഡ് തല സമിതികൾക്ക് നിർദേശം നൽകിയതായും ജില്ലാ കളക്ടർ പറഞ്ഞു.

ജില്ലയിലെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും റാപിഡ് റെസ്പോൺസ് ടീം, നെയ്‌ബർഹൂഡ് ടീം എന്നിവയുടെ പ്രവർത്തനം കൂടുതൽ ശക്തമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും. ഇവരുടെ പ്രവർത്തനം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിരീക്ഷിക്കും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രവർത്തിക്കുന്ന സന്നദ്ധ സേന വോളന്റീർമാരെ കൂടുതൽ പ്രോത്സാഹിപ്പിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കും.

 

ജില്ലയിൽ ആന്റിജൻ പരിശോധനകൾ കുറച്ച് ആർ. ടി. പി. സി. ആർ പരിശോധനകൾ വർധിപ്പിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുവാനും നിർദേശം നൽകി. സ്വകാര്യ ലാബുകളോടും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. വാക്സിൻ ലഭ്യത ഇല്ലാത്തതിനാൽ ഞായറാഴ്ച ജില്ലയിൽ വാക്സിനേഷൻ ക്യാമ്പുകൾ പ്രവർത്തിക്കില്ല. ഞായറാഴ്ച കൂടുതൽ വാക്സിൻ എത്തുന്നതോടെ തിങ്കളാഴ്ച മുതൽ കൂടുതൽ പേർക്ക് വാക്സിൻ ലഭ്യമാക്കും

date