രാത്രികാല നിയന്ത്രണവും ഞായർ ലോക്ക്ഡൗണും പിൻവലിച്ചു
*ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒക്‌ടോബർ നാലു മുതൽ
സംസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുള്ള രാത്രികാല നിയന്ത്രണങ്ങളും ഞായറാഴ്ചകളിലെ ലോക്ക്ഡൗണും പിൻവലിക്കാൻ കോവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒക്ടോബർ നാലു മുതൽ ടെക്‌നിക്കൽ, പോളിടെക്‌നിക്, മെഡിക്കൽ വിദ്യാഭ്യാസമുൾപ്പെടെയുള്ള ബിരുദ, ബിരുദാനന്തര അവസാനവർഷ വിദ്യാർഥികളെയും, അധ്യാപകരെയും മറ്റു ജീവനക്കാരെയും ഉൾക്കൊള്ളിച്ചു കൊണ്ട് എല്ലാ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകും. എല്ലാവരും ഒരു ഡോസ് വാക്‌സിൻ എടുത്തിരിക്കണം. ബിരുദ, ബിരുദാനന്തര അവസാന വർഷ വിദ്യാർത്ഥികളും അധ്യാപകരും ജീവനക്കാരും കോവിഡ് വാക്‌സിൻ ആദ്യ ഡോസ് ഈയാഴ്ച തന്നെ പൂർത്തീകരിക്കണം. രണ്ടാം ഡോസിന് അർഹതയുള്ളവർ ഉടൻ തന്നെ അത് സ്വീകരിക്കണം.
റെസിഡൻഷ്യൽ മാതൃകയിൽ പ്രവർത്തിക്കുന്ന 18 വയസ്സിനു മുകളിലുള്ളവർക്കുള്ള പരിശീലനസ്ഥാപനങ്ങൾ ബയോ ബബിൾ മാതൃകയിൽ ഒരു ഡോസ് വാക്‌സിനേഷൻ എങ്കിലും പൂർത്തിയാക്കിയ അധ്യാപകരെയും വിദ്യാർഥികളേയും ജീവനക്കാരേയും ഉൾക്കൊള്ളിച്ചു കൊണ്ട് തുറന്നു പ്രവർത്തിക്കാൻ അനുവദിക്കും. പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് അധ്യയനം വളരെ പ്രധാനമാണ്. അതിനാൽ സ്‌കൂൾ അധ്യാപകരും ഈയാഴ്ച തന്നെ വാക്‌സിനേഷൻ പൂർത്തിയാക്കാൻ ശ്രദ്ധിക്കണം. പൊതുവിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ വകുപ്പുകൾ അതിനാവശ്യമായ ക്രമീകരണം ചെയ്യണം. വാക്‌സിനേഷനിൽ സ്‌കൂളധ്യാപകർക്ക് മുൻഗണന നൽകും. പത്തു ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട വകുപ്പുകൾ ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് നിർദേശിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
കോവിഷീൽഡ് രണ്ടാം ഡോസ് നാലാഴ്ചകൾക്കു ശേഷം വാങ്ങാവുന്നതാണെന്ന ഹൈക്കോടതി വിധിയിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സർക്കാരാണ്. സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ പൂർണ യോജിപ്പാണ്. അക്കാര്യത്തിൽ ചീഫ് സെക്രട്ടറിയും ആരോഗ്യ സെക്രട്ടറിയും കേന്ദ്ര സർക്കാരുമായി ബന്ധപ്പെടും.
കണ്ടെയ്ൻമെന്റ് സോണുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ എല്ലാ ബുധനാഴ്ചയും മൈക്രോ കണ്ടെയ്ൻമെൻറ് സോണുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ എല്ലാ ദിവസവും പുതുക്കണമെന്ന കർശന നിർദ്ദേശം ജില്ലാ അടിയന്തര കാര്യനിർവഹണ കേന്ദ്രങ്ങൾക്ക് നൽകും. ഇക്കാര്യം നിർവഹിക്കുന്നതിനായി ഓരോ കേന്ദ്രത്തിനും ഐടി മിഷനിൽ നിന്നും ഐടി വിദഗ്ധനെ താൽക്കാലികമായി നിയമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പി.എൻ.എക്‌സ്. 3145/2021
- Log in to post comments