Skip to main content

കടലാക്രമണ പ്രദേശങ്ങൾ കളക്ടർ സന്ദർശിച്ചു; ക്യാമ്പിന്റെ കാലാവധി ദീർഘിപ്പിക്കാൻ ശുപാർശ ചെയ്യും                                 

അമ്പലപ്പുഴയിലെ കടലാക്രമണം നേരിട്ടുകൊണ്ടിരിക്കുന്ന പ്രദേശങ്ങൾ ജില്ലാ കളക്ടർ എസ്.സുഹാസ് സന്ദർശിച്ചു. കടൽഭിത്തി തകർന്ന സ്ഥലങ്ങളും അപകടാവസ്ഥയിലായ വീടുകളും പരിശോധിക്കുകയും വണ്ടാനം മെഡിക്കൽ കോളജ് കാമ്പസിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി സൗകര്യങ്ങൾ വിലയിരുത്തുകയും ചെയ്തു. കടൽ ക്ഷോഭം രൂക്ഷമായതിനെത്തുടർന്ന് വീട് കടലെടുക്കുകയോ വാസയോഗ്യമല്ലാതാവുകയോ ചെയ്ത 22 കുടുംബങ്ങൾ താമസിക്കുന്ന വണ്ടാനം മെഡിക്കൽ കോളജിലെ ദുരിതാശ്വാസ ക്യാമ്പലെത്തിയ ജില്ലാ കളക്ടർ അവിടെയുണ്ടായിരുന്ന സ്ത്രീകളോടും കുട്ടികളോടും വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. 85 അംഗങ്ങളാണ് ക്യാമ്പിൽ ഇപ്പോൾ ഉള്ളത്. മറ്റൊരു താമസ സൗകര്യം ആകുന്നതുവരെ നിലവിലെ ക്യാമ്പ് തുടരുന്നതിന് സർക്കാരിനോട് ആവശ്യപ്പെടുമെന്ന് ജില്ലാ കളക്ടർ അന്തേവാസികൾക്ക് ഉറപ്പ് നൽകി. ക്യാമ്പിൽ ഭക്ഷണം, പൊലീസ് സംരക്ഷണം, എപ്പോഴും റവന്യൂ ഉദ്യോഗസ്ഥരുടെ സാന്നിധ്യം എന്നിവ ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. ക്യാമ്പിലുള്ളവരുടെ ആരോഗ്യ സ്ഥിതിപരിശോധിക്കാൻ ഡി.എം.ഓയ്ക്ക് നിർദ്ദേശം നൽകിയിട്ടുള്ളതായി കളക്ടർ പറഞ്ഞു. കടലോരത്തുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് കളക്ടർ ചൂണ്ടിക്കാട്ടി. വളഞ്ഞവഴിയിലെ കടൽത്തീരം,  കടലാക്രമണത്തിൽ നശിച്ച വീടുകൾ എന്നിവയും അദ്ദേഹം സന്ദർശിച്ചു. സ്ഥായിയായ പ്രശ്‌ന പരിഹാരത്തിനായി പുലിമുട്ടുകൾ കെട്ടുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്ന് കളക്ടർ പറഞ്ഞു.

 

(ചിത്രമുണ്ട്)

(??.??.?. 1261/2018)

date